Wednesday, June 16, 2010

Maradona: Man and the myth


മറഡോണ: മൈതാനിയിലെ ഒറ്റക്കുന്ന്


He is someone many people want to emulate, a controversial figure, loved, hated, who stirs great upheaval, especially in Argentina... Stressing his personal life is a mistake. Maradona has no peers inside the pitch, but he has turned his life into a show, and is now living a personal ordeal that should not be imitated- Jorge Valdano


മറഡോണയുടെ സഹതാരത്തിന്റെ വിലയിരുത്തലില്‍ അല്‍പവും പിഴവുണ്ടായിട്ടില്ല. കാരണം, മലമുകളിലായാലും താഴ്വാരത്തായാലും ഏറെനാള്‍ കഴിയാനിഷ്ടപ്പെടുന്ന ആളല്ല ഡീഗോ മറഡോണ. വില്ലാ ഫിയോറിട്ടോയിലെ തെരുവുകളില്‍ നഗ്നപാദനായി കാല്‍പന്തുരുട്ടിയ കുട്ടിയുടെ അതേ നിഷ്കളങ്കതയോടെയായിരുന്നു എന്നും അദ്ദേഹം ജീവിതത്തെ സമീപിച്ചത്. അത് കൊക്കെയ്നോടായാലും കളിയോടായാലും ദാമ്പത്യജീവിതത്തോടായാലും. അതുകൊണ്ടാണല്ലോ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ളണ്ടിന്റെ 11 കളിക്കാരെയും റഫറിയേയും സ്റേഡിയത്തിലുണ്ടായിരുന്ന മാലോകരെയും എല്ലാം കളിപ്പിച്ച് കൈകൊണ്ട് പന്ത് തട്ടി അടിച്ച ഗോളിനെക്കുറിച്ച് നിഷ്കളങ്കമായ ചിരിയോടെ അത് മറഡോണയുടെ തലയുടെയും ദൈവത്തിന്റെ കൈയുടെയും ചെറിയ സഹായത്തോടെ നേടിയ ഗോളാണെന്ന് പറഞ്ഞുകളഞ്ഞത്.
പുരാവൃത്തം
ഒരിക്കല്‍കൂടി മെക്സിക്കോ സിറ്റിയിലെ എസ്റാഡിയോ അസ്റെകാ സ്റേഡിയത്തില്‍ 1986 ജൂണ്‍ 22ന് നടന്ന മത്സരത്തിലേക്ക് പോകേണ്ടി വരും മറഡോണയുടെ പ്രതിഭ മനസിലാക്കാന്‍. രണ്ടാം പകുതിയിലെ ആറാം മിനിറ്റില്‍ മറഡോണ നേടിയ വിവാദഗോളിനെതിരെ ഇംഗ്ളീഷ് കളിക്കാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ആരവം തീര്‍ന്നിട്ടില്ല. രണ്ടാം പകുതിയിലെ പതിനൊന്നാം മിനിറ്റ്, ഡ്രിബിളിങ്ങിന്റെ ആശാനെന്ന് മറഡോണയെ വിളിക്കുന്നതെന്തെന്ന് ലോകം ശ്വാസമടക്കിപ്പിടിച്ച് കണ്ടു. മറഡോണയുടെ കാലില്‍ പന്തെത്തുമ്പോള്‍ ഇംഗ്ളീഷ് ഗോള്‍മുഖത്തേക്കുള്ള ദൂരം 60 മീറ്ററിലേറെ വരും. ഇംഗ്ളീഷ് മധ്യനിരയിലും പ്രതിരോധനിരയിലുമുള്ള അഞ്ചുകളിക്കാര്‍ മുന്നിലെ മേരുക്കള്‍. കാലില്‍ ഒട്ടിച്ചു വച്ച പന്തുമായി മറഡോണ ഒരു സ്പ്രിന്ററായി. ഹഡില്‍, റീഡ്, സാന്‍സം, ബുച്ചര്‍, ഫെന്‍വിക് എന്നീ അഞ്ച് ഇംഗ്ളീഷ് കളിക്കാരും മറഡോണയുടെ ഡ്രിബ്ളിങ് മായാജാലത്തിന് അടിപ്പെട്ടുപോയി. ബുച്ചറിനെ ഒന്നല്ല, രണ്ടുവട്ടമാണ് ഈ പടയോട്ടത്തിനിടെ മറഡോണ മറികടന്നത്. ഇനി മുന്നില്‍ ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ മാത്രം- മൈതാന മധ്യത്തില്‍ നിന്ന് കുതിച്ചു വന്ന മറഡോണയെ തടയാന്‍ അന്ന് ഷില്‍ട്ടണെന്നല്ല ദൈവത്തിനും ആകുമായിരുന്നില്ല. ഇംഗ്ളണ്ടിന്റെ ഹൃദയം തകര്‍ത്ത ഒറ്റഗോള്‍. അന്നുമുതല്‍ മറഡോണ കാല്‍പ്പന്തുകളിയുടെ സ്വര്‍ഗ്ഗത്തിലെ ദൈവമായി. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 2002ല്‍ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളിനായി നടന്ന വോട്ടെടുപ്പില്‍ ഇതിനു പകരം വയ്ക്കാന്‍ ഒരു ഗോളില്ലായിരുന്നു.1960 ഒക്ടോബര്‍ 30നായിരുന്നു അര്‍ജന്റീനയിലെ ലേനസില്‍ ഡീഗോ മറഡോണയുടെ ജനനം. തീര്‍ത്തും ദരിദ്രമായ പശ്ചാത്തലം. മക്കളാല്‍ മാത്രം സമ്പന്നരായിരുന്നു മറഡോണയുടെ മാതാപിതാക്കള്‍. അര്‍ജന്റീനയാണെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും രാഷ്ട്രീയ പ്രതിസന്ധിയിലൂടെയും കടന്നുപോകുന്നു. പട്ടാളഭരണകൂടത്തിന്റെ ഭീകരതയില്‍ രാജ്യം വിറങ്ങലിച്ച നാളുകളായിരുന്നു അറുപതുകളും എഴുപതുകളും. എവിടെയും അക്രമസംഭവങ്ങള്‍. എഴുപതുകളുടെ ഒടുവില്‍ 30000 പേരെ കാണാതായെന്നാണ് കണക്ക്. പണപ്പെരുപ്പം മൂന്നക്കത്തിലായിരുന്നു വര്‍ഷങ്ങളോളം. ഇടതുപക്ഷ ഒളിപ്പോരാളികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടു. പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഏറെ വലുതായി എന്നതായിരുന്നു ഇതിന്റെയെല്ലാം അന്തിമഫലം.പ്രത്യാശയുടേതായ യാതൊന്നും മറഡോണയുടെ കുട്ടിക്കാലത്ത് അര്‍ജന്റീനയില്‍ അവശേഷിച്ചിരുന്നില്ല. തീര്‍ത്തും ദരിദ്രമായ പശ്ചാത്തലവും. കുട്ടികള്‍ക്ക് റോള്‍ മോഡലായി അക്കാലത്ത് ആരും ഉണ്ടായിരുന്നില്ല. മറഡോണയുടെ തന്നെ വാക്കുകളില്‍, \\\'റോള്‍ മോഡലുകള്‍ എന്റെ ചന്തിയായിരുന്നു!\\\' ലാറ്റിനമേരിക്കയില്‍ പൊതുവെ അക്കാലത്ത് യുവാക്കള്‍ എത്തിപ്പെട്ടത് മയക്കുമരുന്ന്-മാഫിയാ സംഘങ്ങളിലായിരുന്നു. പക്ഷേ മറഡോണയടക്കമുള്ള മറ്റൊരു വലിയ വിഭാഗത്തിന് വേറൊരാശ്രയമുണ്ടായിരുന്നു- ഫുട്ബോള്‍.
പടവുകള്
‍അര്‍ജന്റീനയിലെ തെരുവുകളിലെല്ലാം വെടിയൊച്ചകള്‍ക്കൊപ്പം കാല്‍പന്തുകളിയുടെ ആരവവും ഉണ്ടായിരുന്നു. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന തന്റെ മേല്‍ക്കൂരയെക്കുറിച്ചുള്ള ഓര്‍മകള്‍ തെരുവ് ഫുട്ബോളില്‍ താനടിച്ച ഓരോ ഗോളിലൂടെയും കൊച്ചു മറഡോണ മറന്നു. പില്‍ക്കാലത്ത് അദ്ദേഹം സ്വീകരിച്ച പല രാഷ്ട്രീയ നിലപാടുകളുടെ അടിത്തറയും രൂപപ്പെടുത്തുകയായിരുന്നു അക്കാലം. ആദ്യമായി ഒരു ലതര്‍ബോള്‍ കയ്യില്‍ കിട്ടിയ ദിവസം അതും കെട്ടിപ്പിടിച്ചാണ് താന്‍ കിടന്നുറങ്ങിയതെന്ന് മറഡോണ ആത്മകഥയില്‍ ഓര്‍മിക്കുന്നു. പത്താമത്തെ വയസിലാണ് മറഡോണയുടെ ജീവിതം മാറിമറിഞ്ഞത്. ആ കൊച്ചുകളിക്കാരന്റെ നീക്കങ്ങളിലെ പ്രതിഭയുടെ സ്പര്‍ശം ബ്യൂനോസ് അരീസ് ക്ളബ്ബ് അധികൃതര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ക്ളബ്ബിന്റെ ജൂനിയര്‍ ടീമായ അര്‍ജന്റിയസ് ജൂനിയേഴ്സില്‍ മറഡോണ എത്തി. ഒന്നാം ഡിവിഷന്‍ മത്സരങ്ങളിലെ ബോള്‍ ബോയിയായിരുന്നു കൊച്ചു മറഡോണ. പതിനഞ്ചാം വയസില്‍ അര്‍ജന്റീനസ് ജൂനിയേഴ്സിനായി മറഡോണ അരങ്ങേറ്റം നടത്തി. 1981 വരെ അര്‍ജന്റീനസ് ജൂനിയേഴ്സിനായി ജേഴ്സിയണിഞ്ഞു. 166 കളികളില്‍ നിന്ന് 116 ഗോളുകള്‍. പിന്നെ ബോക്ക ജൂനിയേഴ്സില്‍. അര്‍ജന്റീനയിലെ സാധാരണക്കാരുടെ ക്ളബ്ബായിരുന്നു ബോക്ക ജൂനിയേഴ്സ്. പതിനാറാം വയസില്‍ അര്‍ജന്റീനയുടെ ദേശീയ ജഴ്സിയണിഞ്ഞു. തുടര്‍ന്ന് നടന്ന വേള്‍ഡ് യൂത്ത് ചാംപ്യന്‍ഷിപ്പിന്റെ താരമായിരുന്നു മറഡോണ. യുഎസ്എസ്ആറിനെ 3-1ന് തറപറ്റിച്ച് അര്‍ജന്റീന കിരീടം ചൂടി. 1977 മുതല്‍ 1994 വരെ അര്‍ജന്റീന ടീമിലെ അംഗമായിരുന്നു മറഡോണ. ദേശീയ ടീമിനായി 91 കളികളില്‍ നിന്നായി 34 ഗോളുകള്‍ അടിച്ചുകൂട്ടി. മറഡോണയുടെ നേതൃത്വത്തിലായിരുന്നു 1986ല്‍ അര്‍ജന്റീന ലോകകിരീടം ചൂടിയത്. 2000ല്‍ ഫിഫയുടെ പ്ളെയര്‍ ഓഫ് ദ ഇയര്‍ ബഹുമതി പെലെയുമായി പങ്കുവച്ചു.
കളി, ജീവിതം, രാഷ്ട്രീയം
അസാധാരണമായ ഉയര്‍ച്ചതാഴ്ചകളായിരുന്നു കായികജീവിതത്തിലും വ്യക്തിജീവിതത്തിലും മറഡോണയെ കാത്തിരുന്നത്. മയക്കുമരുന്നിന്റെ പിടിയില്‍ ധൂര്‍ത്തടിച്ചുപോയ പ്രതിഭയായി പലരും അദ്ദേഹത്തെ വിലയിരുത്തി. മിഷേല്‍ പ്ളാറ്റീനി ഒരിക്കല്‍ മറഡോണയെക്കുറിച്ച് പറഞ്ഞു, സിനദീന്‍ സിദാന്‍ ഫുട്്ബോളു കൊണ്ട് ചെയ്യുന്നത് അദ്ദേഹം ഓറഞ്ചു കൊണ്ട് ചെയ്യുമെന്ന്.1982ലായിരുന്നു മറഡോണ ആദ്യ ലോകകപ്പ് കളിക്കുന്നത്. അന്നേ മറഡോണ ഫുട്ബോള്‍ പ്രേമികളുടെ ആവേശമായി. ആ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളിലും 90 മിനിറ്റും മറഡോണ കളിച്ചു. അഞ്ചരയടി ഉയരവും താരതമ്യേന വണ്ണവുമുള്ള മറഡോണയുടെ വേഗവും ഡ്രിബ്ളിങ്മികവും എതിരാളികളുടെ ഉറക്കംകെടുത്തി. കളത്തിലെ ഇടുങ്ങിയ സ്ഥലികളില്‍ വച്ച് എതിരാളികളെ കബളിപ്പിക്കാന്‍ പ്രത്യേകമികവായിരുന്നു മറഡോണയ്ക്ക്, പ്രത്യേകിച്ച് പെനാല്‍റ്റി ബോക്സിനുള്ളില്‍. പ്രതിരോധ നിര അതിവേഗം അദ്ദേഹമൊരുക്കുന്ന കെണിയില്‍ വീണുപോകും. 1986 ല്‍ ഇംഗ്ളീഷ് പ്രതിരോധനിരയ്ക്ക് സംഭവിച്ചത് അതായിരുന്നു. ഉയരക്കുറവുണ്ടെങ്കിലും കരുത്തനായിരുന്നു മറഡോണ. ഈ കഴിവുപയോഗിച്ച് ഡിഫന്ററുടെ ചുറ്റും കറങ്ങി ഗോള്‍ വലയത്തിലേക്കുള്ള നൂലിട വിടവിനെങ്കിലുമായി അദ്ദേഹം കാക്കും. വിടവുകിട്ടിയാല്‍ അതിവേഗത്തിലായിരിക്കും അവിടേയ്ക്ക് പന്തുപായിക്കുന്നത്. അതിവേഗതയിലുളള ഡ്രിബ്ളിങ്ങായിരുന്നു മറഡോണയുടെ ട്രേഡ്മാര്‍ക്ക്. പിന്‍കാലുകൊണ്ടുള്ള റിവേഴ്സ് ക്രോസ് പാസായ റബോനാ ഷോട്ടാണ് മറഡോണയുടെ മറ്റൊരു കരുത്ത്. 1980ല്‍ മറഡോണയുടെ റബോനാ ഷോട്ടിന്റെ കരുത്ത് സ്വിറ്റ്സര്‍ലണ്ട് അറിഞ്ഞു. ഗോള്‍ അസാധ്യമായ ആങ്കിളില്‍ നിന്ന് മറഡോണ പിന്‍കാലുകൊണ്ട് നല്‍കിയ പാസിന് റമോണ്‍ ഡയസ് തലവച്ചു. പന്ത് വലയില്‍ കയറിയ ശേഷമാണ് സ്വിറ്റ്സര്‍ലന്റ് ഗോളി പോലും വിവരം അറിഞ്ഞത്. ഫ്രീകിക്കിലും മറഡോണ അതുപോലെ അപകടകാരിയായി. മറഡോണയുടെ കായികജീവിതത്തില്‍ മയക്കുമരുന്നിന്റെ കരിനിഴല്‍ പടര്‍ന്നത് 1991ലാണ്. ഇറ്റലിയില്‍ നടന്ന ഡോപ് ടെസ്റില്‍ മറഡോണ പരാജയപ്പെട്ടു. കോക്കെയിന്‍ ആയിരുന്നു വില്ലന്‍. തുടര്‍ന്ന് 15 മാസം സസ്പെന്‍ഷന്‍. 1994 ലോകകപ്പിലും മറഡോണ അര്‍ജന്റീനയുടെ ക്യാപ്റ്റനായിരുന്നെങ്കിലും കോക്കെയിന്‍ പ്രതിനായകനായെത്തി. മറഡോണ ദുരന്തനായകനാകുന്നത് ലോകം വേദനയോടെ കണ്ടു. ടൂര്‍ണമെന്റിന്റെ പകുതിക്ക് വച്ച് മറഡോണയെ ഫുട്്ബോള്‍ ലോകത്തിന് നഷ്ടമായി. കുനിഞ്ഞ ശിരസോടെ നാട്ടിലേക്ക് മടങ്ങിയ മറഡോണയുടെ പിന്നീടുള്ള ജീവിതം മയക്കുമരുന്നുമായുള്ള പോരാട്ടമായിരുന്നു. 1996ല്‍ നിസഹായനായി മറഡോണ ലോകത്തോട് ഏറ്റുപറഞ്ഞു- ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു, ഇന്നും അങ്ങനെ തന്നെയാണ്, എന്നും അങ്ങനെയായിരിക്കും. ഒരിക്കല്‍ മയക്കുമരുന്നിന് അടിമയായിപ്പോയ മനുഷ്യന് എന്നും അതിനോട് പൊരുതണ്ടി വരും. ആദ്യ വിവാഹജീവിതത്തിലെ പരാജയം ഇതിനിടയില്‍ മറഡോണയുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കി. മയക്കുമരുന്നിന്റെ ഉപയോഗം അമിതമായ ശരീരഭാരത്തിലേക്ക് നയിച്ചു. 2004 ഏപ്രില്‍ 18ന് കൊക്കെയിന്റെ അമിത ഉപയോഗം മറഡോണയ്ക്ക് സമ്മാനിച്ചത് ഹൃദയാഘാതമാണ്. ആശുപത്രിയില്‍ അനിശ്ചിതത്വത്തിന്റെ നാളുകള്‍. അവിടെയും വിജയിച്ചത് മറഡോണയിലെ പോരാളി തന്നെ. ഏപ്രില്‍ 29ന് അദ്ദേഹം ആശുപത്രി വിട്ടു. തുടര്‍ന്ന് മറഡോണ ആരോഗ്യത്തില്‍ ശ്രദ്ധിച്ച നാളുകളായിരുന്നു. പിന്നെ പുറം ലോകം കാണുന്നത് ഏറെ മെലിഞ്ഞ് സുന്ദരനായ മറഡോണയെയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹം വീണ്ടും ആശുപത്രിയിലായി. ഇക്കുറി അമിതമദ്യപാനമാണ് അദ്ദേഹത്തെ കിടപ്പിലാക്കിയത്. അവിടെയും മറഡോണ തളര്‍ന്നില്ല. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അര്‍ജന്റീനയിലെ ടെലിവിഷന്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ട മറഡോണ വെളിപ്പെടുത്തി- ഞാന്‍ മദ്യപാനം ഉപേക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിച്ചിട്ടേ ഇല്ല. കളിയിലും ജീവിതത്തിലും കരുത്തനായ പോരാളിയായിരുന്ന മറഡോണയ്ക്ക് ലാറ്റിനമേരിക്കന്‍ രാഷ്ട്രീയഭൂമികയില്‍ നിന്ന് മാറി നില്‍ക്കാനാകുമായിരുന്നില്ല. ക്യൂബയുടെ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയുടേയും വെനിസ്വലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെയും അടുത്ത സുഹൃത്തും ആരാധകനുമാണ് മറഡോണ. ഫിഡല്‍ കാസ്ട്രോയെക്കുറിച്ചുള്ള മറഡോണയുടെ പരാമര്‍ശം ഏറെ പ്രശസ്തമായി, എനിക്ക് കാസ്ട്രോ ദൈവമാണ് എന്നായിരുന്നു മറഡോണ പറഞ്ഞത്. മറഡോണയുടെ കൈയില്‍ പച്ചകുത്തിയിരിക്കുന്നത് മറ്റാരുടെയും രൂപമല്ല, അര്‍ജന്റീനക്കാര്‍ക്ക് പ്രിയപ്പെട്ട, അവരുടെ ചേ ആയിരുന്ന ഏണസ്റോ ചെഗുവേരയുടെ മുഖമാണ്. 2005ല്‍ സമ്മിറ്റ് ഓഫ് ദ അമേരിക്കാസില്‍ പങ്കെടുക്കുന്നതിനായി അര്‍ജന്റീനയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെതിരെ മറഡോണയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ബുഷിനെ അന്ന് മറഡോണ വിളിച്ചത് ഹ്യൂമന്‍ ഗാര്‍ബേജ് (മനുഷ്യമാലിന്യം) എന്നാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ അമേരിക്ക നടത്തിയിരുന്ന ശ്രമങ്ങളെക്കുറിച്ചുള്ള ഉത്തമബോധ്യങ്ങളില്‍ നിന്നായിരുന്നു മറഡോണ ഇത്തരം നിലപാടുകളെടുത്തത്. യുഎസില്‍ നിന്ന് പുറത്തുവരുന്ന എന്തിനെയും താന്‍ വെറുക്കുന്നു എന്നുവരെ അദ്ദേഹം പറഞ്ഞുകളഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറാന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തന്റെ സന്ദേശത്തോടുകൂടി ഒപ്പിട്ട ഷര്‍ട്ട് അദ്ദേഹം അയച്ചുകൊടുത്തു. അര്‍ജന്റീന ദേശീയ ടീമിന്റെ കോച്ചാകുന്നതോടെ വീണ്ടും മുഖ്യധാരയിലേക്ക് തിരികെയെത്തുകയാണ് മറഡോണ, സൂര്യശോഭയോടെ തന്നെ. വീണ്ടും ഉയര്‍ച്ചയുടെ വഴിയിലാണ് മറഡോണ. അനിശ്ചിതത്വങ്ങളുടെ തമ്പുരാന്റെ പ്രവചനാതീതമായ ദിനങ്ങള്‍ക്കായി കാത്തിരിക്കാം.

1 comment: