Sunday, June 13, 2010

top five rich sportsstars









പണം വാരും സ്പോര്‍ട്സ്
സ്പോര്‍ട്സും കോര്‍പ്പറേറ്റ് ലോകവും കൈകോര്‍ത്തതോടെ ലോകത്തെ ധനികരുടെ പട്ടികയിലേക്ക് കായികതാരങ്ങളും ഇടം നേടി. ഇന്ന് കോടികള്‍ മറിയുന്ന വ്യവസായമാണ് സ്പോര്‍ട്സ്. അവിടത്തെ താരങ്ങള്‍ കോടീശ്വരന്‍മാരും. ഈ പട്ടികയില്‍ ഒരു ക്രിക്കറ്റ് താരം പോലും ഇല്ല എന്നതാണ് കൌതുകകരം. ക്രിക്കറ്റ് ഇന്ത്യയിലെ പണം വാരിക്കളിയാകാം. പക്ഷേ കായികലോകത്തിന്റെ ഓരങ്ങളില്‍ മാത്രമേ അതിന് ഇടമുള്ളു. ഗോള്‍ഫും ടെന്നീസും ഫുട്ബോളും ബാസ്കറ്റ്ബോളും കാറോട്ടവും എല്ലാമാണ് ഇതിലെ രാജാക്കന്‍മാര്‍.

ടൈഗര്‍ വുഡ്സ്
  • ഒരു ദശാബ്ദമായി ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് തന്നെ. കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്നവര്‍ക്കുവരെ കളിക്കാവുന്ന കളിയെന്ന ഖ്യാതിയുള്ള ഗോള്‍ഫിലെ കിരീടം വച്ച രാജാവാണ് യുഎസ്സിലെ എല്‍ഡ്രിക് ടോന്റ് 'ടൈഗര്‍' വുഡ്സ്. ഇതിനകം 14 പ്രധാന ഗോള്‍ഫ് ചാംപ്യന്‍ഷിപ്പുകള്‍ ടൈഗര്‍ നേടി. ദ മാസ്റേഴ്സ് (നാല് തവണ), യുഎസ് ഓപ്പണ്‍ (മൂന്ന്), ഓപ്പണ്‍ ചാംപ്യന്‍ഷിപ്പ് (മൂന്ന്), പിജിഎ ചാംപ്യന്‍ഷിപ്പ് (നാല് തവണ) എന്നിവ ടൈഗര്‍ വുഡ്സിന്റെ അലമാരിയിലുണ്ട്. വര്‍ഷങ്ങളായി ഗോള്‍ഫിലെ ഒന്നാം നമ്പരാണ് ആശാന്‍, എക്കാലത്തേയും മഹാനായ കളിക്കാരന്‍. ലോകത്ത് ഏറ്റവും വിപണിമൂല്യമുള്ള കായികതാരം എന്നും അറിയപ്പെടുന്നു. 2000ത്തില്‍ നൈക്കുമായി അഞ്ചുവര്‍ഷത്തേയ്ക്കുള്ള കരാറില്‍ ടൈഗര്‍ വുഡ്സ് ഒപ്പുവച്ചത് 478 കോടി രൂപ (103 മില്യണ്‍ ഡോളര്‍) എണ്ണിവാങ്ങി കീശയിലിട്ടശേഷമാണ്. അമേരിക്കന്‍ എക്സ്പ്രസ്, ഇഎ സ്പോര്‍ട്സ് തുടങ്ങിയ നിരവധി കമ്പനികളുമായും അദ്ദേഹം കരാറൊപ്പിട്ടിട്ടുണ്ട്. ഗോള്‍ഫ് ഡൈജസ്റിന്റെ കണക്കനുസരിച്ച് 1996 മുതല്‍ 2007വരെ ടൈഗര്‍ വുഡ്സ് നേടിയത് 3572 കോടി രൂപയാണ്. അതായത് ആദ്യമായി ബില്യണ്‍ ഡോളര്‍ നേടുന്ന കായികതാരമാകുന്നു ടൈഗര്‍ വുഡ്സ്. ഈ പണമൊന്നും ആഡംബരം കാണിച്ച് കളയുകയല്ല അദ്ദേഹം, ബിസിനസ്സിലിറക്കി പൊലിപ്പിച്ചെടുക്കുകയാണ്. വുഡ്സിന്റെ കമ്പനിയായ 'ടൈഗര്‍ വുഡ്സ് ഡിസൈന്‍' ലോകവ്യാപകമായി ഗോള്‍ഫ് കോഴ്സുകള്‍ നിര്‍മ്മിക്കുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ കമ്പനി 'ടൈഗര്‍വുഡ്സ് ദുബായ്' തുറന്നത്. ഗോള്‍ഫ് കോഴ്സിന് പുറമെ 60000 ചതുരശ്രയടി വിസ്തൃതിയുള്ള ക്ളബ് ഹൌസ്, ഗോള്‍ഫ് അക്കാദമി, 320 എക്സിക്യൂട്ടീവ് വില്ലകള്‍, 80 സ്യൂട്ടുകളുള്ള ആഡംബര ഹോട്ടല്‍ എന്നിവയെല്ലാം ഇതിലുണ്ട്. ടൈഗര്‍വുഡ്സിന്റെ ഇപ്പോഴത്തെ പ്രായം വെറും 33 എന്നും അറിയുക.
കിമി നൈക്കനന്‍
  • ഫെരാറിയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതോടെ പണം വാരുന്ന കായികതാരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെക്കെത്തിയ ആളാണ് കിമി നൈക്കനന്‍. ആദ്യ സീസണില്‍ തന്നെ ഫോര്‍മുല വണ്‍ വേള്‍ഡ് ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പ് നേടി ഈ ഫിന്‍ലാന്‍ഡ്കാരന്‍. ഫെരാറിയുമായുള്ള കരാര്‍ വഴി പ്രതിവര്‍ഷം അദ്ദേഹം നേടുന്നത് 236 കോടിയാണ്. ഈ വര്‍ഷമാണ് അദ്ദേഹം പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. എന്തായാലും ഈ വര്‍ഷം അദ്ദേഹം ടീം വിടുമെന്ന് ഫെറാറി അറിയിച്ചിട്ടുണ്ട്. ഫെര്‍ണാണ്ടോ അലോന്‍സോയെയാണ് അവര്‍ പകരം കണ്ടെത്തിയിരിക്കുന്നത്. വരുമാനം നന്നായുണ്ട് എങ്കിലും ഒരു കണക്കുമില്ലാതെ ചെലവാക്കുന്നയാളായിരുന്നു കിമി റൈക്കനന്‍. പ്ളേബോയ് ജീവിതശൈലിയായിരുന്നു പ്രത്യേകത. ഇപ്പോള്‍ വിവാഹിതനായി ഒതുങ്ങിക്കഴിയുന്നു.
മൈക്കിള്‍ ജോര്‍ദാന്‍
  • കളിയില്‍ നിന്ന് വിരമിച്ചെങ്കിലും ആ ലേബലില്‍ ഇപ്പോഴും കോടികള്‍ സമ്പാദിക്കുന്നയാളാണ് മൈക്കിള്‍ ജോര്‍ദാന്‍. നാഷണല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന്റെ വെബ്സൈറ്റില്‍ ബാസ്കറ്റ്ബോളിലെ എക്കാലത്തെയും മഹാനായ കളിക്കാരന്‍ എന്നാണ് ജോര്‍ദാനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്‍ബിഎ റെക്കോഡ് പ്രകാരം ഓരോ മത്സരത്തിലും 30 പോയിന്റ് വച്ചായിരുന്നു സ്കോര്‍ ചെയ്തുകൊണ്ടിരുന്നത്. ഷൂട്ടിങ് ഗാര്‍ഡ് പൊസിഷനില്‍ ബിസിനസ്സിലും അദ്ദേഹം തിളങ്ങുന്നു. ജോര്‍ദാന്റെ താരത്തിളക്കത്തിന്റെ മൂല്യം മനസ്സിലാക്കിയത് നൈക് ആയിരുന്നു. നൈക് ജോര്‍ദാന്‍ ബ്രാന്‍ഡ് വിപണിയില്‍ എത്തുന്നത് അങ്ങനെയാണ്. 2003ല്‍ കളി നിര്‍ത്തിയെങ്കിലും ഇപ്പോഴും നൈക് ജോര്‍ദാന്‍ ബ്രാന്‍ഡിന്റെ റോയല്‍റ്റി വകയില്‍ വന്‍തുക അദ്ദേഹം കൈപറ്റുന്നു. ഈ ബ്രാന്‍ഡിന്റെ വാര്‍ഷിക വില്‍പന 3714 കോടിയുടേതാണ്. 2006ല്‍ 780 കോടി നഷ്ടപരിഹാരം നല്‍കിയായിരുന്നു ജോര്‍ദാന്‍ ഭാര്യ ജുവാനിറ്റയില്‍ നിന്ന് വിവാഹമോചനം നേടിയത്.
ഡേവിഡ് ബെക്കാം
  • കളിയില്‍ ഗ്ളാമറിനും കാര്യമുണ്ടെന്ന് തെളിയിച്ചയാളാണ് ഇംഗ്ളണ്ട് ടീം മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ഇപ്പോഴും ആഗോള മാര്‍ക്കറ്റിങ് പ്രതിഭാസം. ബെക്കാമിന്റെ ഫ്രീ കിക്ക് പോലെ തന്നെ (ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം!) ഫാഷനും ലോകം ആകാംക്ഷയോടെ നോക്കിക്കണ്ടു. ബെക്കാം ഹെയര്‍ സ്റൈല്‍ മാറ്റുമ്പോള്‍ ലോകത്തിന്റെ ഹെയര്‍സ്റൈലും മാറിയിരുന്നു. ഇപ്പോഴും കാര്യങ്ങളില്‍ വലിയമാറ്റമൊന്നുമില്ല. റയല്‍ മാഡ്രിഡില്‍ നിന്ന് നാട്ടുകാര്‍ കേട്ടിട്ടില്ലാത്ത യുഎസിലെ ലോസാഞ്ചല്‍സ് ഗ്യാലക്സിയിലേക്ക് ഇടക്ക് മാറിയപ്പോള്‍ താരപരിവേഷം ഇടിഞ്ഞിരുന്നു എന്നുമാത്രം. ഇപ്പോള്‍ എസി മിലാനിലുണ്ട് കക്ഷി. ലോസാഞ്ചല്‍സ് ഗ്യാലക്സിയില്‍ നിന്ന് ബെക്കാമിനെ വായ്പയെടുത്തതാണ് മിലാന്‍. ബെക്കാമിന് പണം വാരാന്‍ കളിയേക്കാള്‍ കൂടുതല്‍ സഹായകമായത് 'ഒടുക്കത്തെ ഗ്ളാമറാ'യിരുന്നു. (അദ്ദേഹം മഹാനായ കളിക്കാരന്‍ തന്നെ) അഡിഡാസ്, മോട്ടറോള, പെപ്സി എന്നിവയാണ് ബെക്കാമിന് കരാറുള്ള പ്രമുഖ ബ്രാന്‍ഡുകള്‍. കളിവഴിയും പരസ്യങ്ങളും മറ്റ് ഇവന്റുകള്‍ വഴിയും ബെക്കാം പ്രതിവര്‍ഷം നേടുന്നത് 232 കോടിയാണ്. യുഎസ്സിലെ മേജര്‍ ലീഗ് സോക്കറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിയ കളിക്കാരന്‍ ബെക്കാമാണ്. പണം വെറുതെ ചെലവഴിച്ച് നടന്നിട്ട് കാര്യമൊന്നുമില്ലെന്ന ബോധ്യം ഇപ്പോള്‍ ബെക്കാമിനുണ്ടായിട്ടുണ്ട്. മേജര്‍ ലീഗ് സോക്കറില്‍ സ്വന്തം ഫ്രാഞ്ചൈസിക്കായുള്ള ശ്രമത്തിലാണ് ബക്കാം. ഭാര്യ വിക്ടോറിയയും ബെക്കാമിനേപോലെ തന്നെ പണം വാരുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് പഴയ 'സ്പൈസ് ഗേള്‍സ്' ഒത്തുചേര്‍ന്ന് വീണ്ടും സംഗീതപര്യടനം നടത്തിയപ്പോള്‍ അതില്‍ പ്രമുഖയായ വിക്ടോറിയയ്ക്ക് ലഭിച്ചത് 92 കോടി ആയിരുന്നു. ബ്രിട്ടനിലെ 52-ാമത്തെ സമ്പന്നയായ വനിതയാണ് വിക്ടോറിയ.
ഫില്‍ മൈക്കിള്‍സണ്‍
  • ഗോള്‍ഫ് വഴി ടൈഗര്‍വുഡ്സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നയാള്‍ യുഎസ്സില്‍ നിന്ന് തന്നെയുള്ള ഫില്‍ മൈക്കിള്‍സണ്‍ ആണ്. മൂന്ന് പ്രമുഖ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പ്രൈസ് മണിയായി ഇദ്ദേഹം ഒരു വര്‍ഷം നേടുന്നത് 46 കോടിയാണ്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനും സ്പോണ്‍സര്‍ഷിപ് വകയിലും അദ്ദേഹം ഈടാക്കുന്നത് 162 കോടിയും. ഫോഡ്, റോളെക്സ് തുടങ്ങിയവയുമായാണ് ഫില്‍ മൈക്കിള്‍സണിന്റെ കരാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ല തുക ചെലവാക്കുന്നയാളാണ് മൈക്കിള്‍സണ്‍.

2 comments: