Friday, October 22, 2010

കവി അയ്യപ്പന്‍റെ മൃതദേഹത്തില്‍ നിന്ന് കിട്ടിയ കവിത. അയ്യപ്പന്‍ അവസാനം എഴുതിയ വരികള്‍ ഇതാകാം....


അമ്പ്‌ ഏതു നിമിഷത്തിലും മുതുകില്‍ തറയ്‌ക്കാം
പ്രാണനും കൊണ്ട്‌ ഓടുകയാണ്‌
വേടന്റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത്‌
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്‌
ഈ ഗര്‍ജ്ജനം സ്വീകരിക്കൂ...


കവി അയ്യപ്പന്‍ അവസാനം എഴുതിയ കവിത.
മൃതദേഹത്തിലെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും
ലഭിച്ചതാണ്‌ ഈ കവിത.

Wednesday, July 21, 2010



ഓഫ് സൈഡ് ഇനി ആരുഭരിക്കും?
(സൌരവ് ഗാംഗുലി വിരമിച്ചപ്പോള്‍ കുറിച്ചത്. ഗാംഗുലിയെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി)

1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ആഘോഷനൃത്തം ചവുട്ടിയ ലോര്‍ഡ്സിലെ അതേ ബാല്‍കണിയില്‍ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂലൈ 13ന് മറ്റൊരിന്ത്യാക്കാരന്‍ ഷര്‍ട്ടൂരിവീശി ആര്‍ത്തുവിളിച്ചു. അന്ന് ഇന്ത്യന്‍ ടീമിനെ നയിച്ച സൌരവ് ചണ്ഢിദാസ് ഗാംഗുലിക്ക് അതിനുള്ള എല്ലാ അര്‍ഹതയും ഉണ്ടായിരുന്നു. തുടര്‍ച്ചയായ ഒമ്പത് ഫൈനലുകളില്‍ ഇന്ത്യ പരാജയപ്പെട്ടു നില്‍ക്കുന്നു. ഗാംഗുലിയുടെ കീഴില്‍ തുടര്‍ച്ചയായി ആറ് ഫൈനലുകളില്‍ പരാജയം. പടിക്കല്‍ കലമുടയ്ക്കാന്‍ മിടുക്കരെന്ന പഴി ദീര്‍ഘനാളായി കേള്‍ക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് അഞ്ച് വിക്കറ്റിന് 325 റണ്‍സടിച്ചുകൂട്ടി. എന്നാല്‍ തോല്‍ക്കാന്‍ ഒരിക്കലും തയ്യാറാകാത്ത ദാദ 60 റണ്‍സുമായി മുന്നില്‍നിന്ന് പടനയിച്ചു. പിന്നാലെ വന്ന യുവരാജും കൈഫും തീപ്പന്തം കൈയേറ്റു വാങ്ങി. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിന്റെ അവസാനഓവറിലെ മൂന്നാം ബോളില്‍ മുഹമ്മദ് കൈഫ് ഇംഗ്ളണ്ടിന്റെ അഭിമാനത്തിനു മേല്‍ അവസാന ആണിയുമടിച്ചു. മുമ്പത്തെ പരമ്പരയില്‍ ഇംഗ്ളണ്ടില്‍ നിന്നേറ്റ അപമാനത്തിന് തിരിച്ചടി. അതോടെ പവലിയനില്‍ നഖംകടിച്ചിരുന്ന സൌരവ് ഷര്‍ട്ടൂരിവീശി ഗര്‍ജിച്ചു. അടുത്ത ദിവസം ഇംഗ്ളണ്ടിലെ പത്രങ്ങളെല്ലാം ഗാംഗുലിയുടെ തുണിയുരിയലിനെതിരെ തൂലിക ചാട്ടവാറാക്കി. എന്നാല്‍ അതൊന്നും അദ്ദേഹം തെല്ലും വകവച്ചില്ല എന്നതിന് ശേഷമുള്ള കാലം സാക്ഷി.
1972 ജൂലൈ എട്ടിനാണ് കോല്‍കത്തയിലെ ഒരു സമ്പന്ന കുടുംബത്തില്‍ സൌരവ് ഗാംഗുലി ജനിച്ചത്. ജന്‍മനാ കിട്ടിയ പ്രൌഢി പവലിയനില്‍ വച്ച് ഗ്രൌണ്ടിലേക്കിറങ്ങാന്‍ പോലും സൌരവ് ഒരുക്കമായിരുന്നില്ല. പന്ത്രണ്ടാമനായിരുന്നപ്പോള്‍ ഗ്രൌണ്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ വിമുഖത കാണിച്ചു എന്ന ആരോപണം സൌരവിനെതിരെ വരുന്നത് അങ്ങനെയാണ്. എന്നാല്‍ ആരുടെമുന്നിലും തലതാഴ്ത്തുകയില്ലെന്ന സൌരവിന്റെ വാശി പലപ്പോഴും മറ്റൊരര്‍ഥത്തില്‍ ഗ്രൌണ്ടില്‍ രാജ്യത്തിന്റെ അന്തസുയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ബിസിസിഐ സമ്പത്തിന്റെ കാര്യത്തില്‍ അതിവേഗം കുതിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിനെ വരുതിയിലാക്കിയതും സൌരവ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നതും ഏകദേശം ഒരേ കാലത്തായിരുന്നു. ഇതുരണ്ടും ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകത്ത് ബഹുമാന്യമായ സ്ഥാനം നേടിത്തന്നു. ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യയായി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് പണത്തിന്റെ ഹുങ്കാണെന്ന് ഈയിടെ ക്രിക്കറ്റ് ആസ്ട്രേലിയക്ക് പറയേണ്ടി വന്നതു പോലും ഇന്ത്യക്ക് ബഹുമതിയായി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ, ലോകക്രിക്കറ്റിന്റെ തന്നെയും ഒരു പ്രതിസന്ധി ഘട്ടത്തിലാണ് സൌരവ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റനായി നിയമിതനാകുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തെ തുടര്‍ന്ന് കോഴവിവാദം ആളിപ്പടര്‍ന്നപ്പോള്‍ ലോകക്രിക്കറ്റില്‍ വിഗ്രഹങ്ങള്‍ പലതും വീണുടഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, ഹാന്‍സി ക്രോണിയേ, ഹര്‍ഷേല്‍ ഗിബ്സ് തുടങ്ങിയ വമ്പന്‍മാരെല്ലാം അനാവൃതരായി. കളിയിലുള്ള വിശ്വാസം ക്രിക്കറ്റ് മതമായ ഇന്ത്യയില്‍ പോലും നഷ്ടപ്പെട്ടു. ക്രിക്കറ്റ് കണ്ടാല്‍ ആള്‍ക്കാര്‍ ടിവി ഓഫ് ചെയ്യുന്ന അവസ്ഥ. കോഴവിവാദത്തെക്കുറിച്ച് എല്ലാം വെളിപ്പെടുത്തുമെന്ന അവസ്ഥയില്‍ വിവാദനായകന്‍ ഹാന്‍സിക്രോണിയെ ദുരൂഹമായ സാഹചര്യത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നു. വന്‍ തോക്കുകളെല്ലാം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ ടീം ചോരത്തിളപ്പുള്ള, മത്സരപരിചയമില്ലാത്ത ചെറുപ്പക്കാരുടെ സംഘമായി മാറി. അവരെ കൊണ്ട് വിജയം കൊയ്ത് ആരാധകരെ തൃപ്തരാക്കാന്‍ ഇന്ത്യയുടെ എക്കാലത്തെയും ബാറ്റിങ് പ്രതിഭ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുപോലും ആയില്ല, തുടര്‍ച്ചയായ പരാജയങ്ങള്‍. ഒടുവില്‍ ക്യാപ്റ്റന്‍സി സൌരവിനെ തേടിയെത്തി. 2000ലെ ദക്ഷിണാഫ്രിക്കക്കെതിരായ വിവാദപരമ്പരയില്‍ താത്കാലിക നായകനായിരുന്ന സൌരവിന് പിന്നെ തിരിഞ്ഞു നോക്കണ്ടിവന്നില്ല. ഇന്ത്യയ്ക്കായി ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ക്യാപ്റ്റനായി ഗാംഗുലി. ഏറ്റവുമധികം ടെസ്റ് വിജയങ്ങളും ഗാംഗുലിയുടെ പേരില്‍ തന്നെ.

ഇത് മാന്യന്‍മാരുടെ കളിയല്ല
മാന്യന്‍മാരുടെ കളിയാണ് ക്രിക്കറ്റെന്ന് കൊളോണിയല്‍ പ്രേമികള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുമെങ്കിലും അതിന് ചെവി കൊടുക്കരുതെന്ന് ഇന്ത്യന്‍ കളിക്കാരെ പഠിപ്പിച്ച നായകനാണ് സൌരവ്. സൌരവിന്റെ കീഴില്‍ തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന അവസ്ഥയിലേക്കെത്തി പുതിയ പിള്ളേര്‍. ഇത് ഏറ്റവുമധികം അനുഭവിക്കാന്‍ യോഗമുണ്ടായത് ആസ്ട്രേലിയന്‍ ടീമിന് തന്നെയാണ്. കളിക്കളത്തില്‍ എതിര്‍ബാറ്റ്സ്മാന്റെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നതരത്തില്‍ പരിഹസിക്കുന്നതും ചീത്തവിളിച്ച് ശ്രദ്ധകളയുന്നതും എല്ലാം മാന്യന്‍മാരുടെ കളിയുടെ ഭാഗമായി കൊണ്ടുനടക്കുന്ന ടീമാണ് ആസ്ട്രേലിയ. ഇതിന് അവര്‍ക്ക് തിരിച്ചടി കിട്ടുന്നത് സൌരവ് നയിച്ച ഇന്ത്യന്‍ ടീമില്‍ നിന്നാണ്. തുറിച്ചുനോക്കുകയും തെറിവിളിക്കുകയും ഒക്കെ ചെയ്തിരുന്ന ജാസണ്‍ ഗില്ലസ്പിയെയും ബ്രെറ്റ് ലീയെയും ഇന്ത്യന്‍ ടീമിലെ പുത്തന്‍ കൂറ്റുകാര്‍ തല്ലുമെന്ന അവസ്ഥവരെയെത്തി. സ്വന്തം തന്ത്രങ്ങള്‍ ശത്രുപാളയം പ്രയോഗിച്ചു തുടങ്ങിയതോടെ ആസ്ട്രേലിയ വിരണ്ടു. സൌരവും ഹര്‍ഭജനും മറ്റും അവരുടെ നോട്ടപ്പുള്ളികളായി. സൌരവ് ടീമിലെ കളിക്കാരെ കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്ന് പലരും ആക്ഷേപിച്ചു. 2011ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ പോര്‍ട് എലിസബത്തില്‍ നടന്ന ടെസ്റില്‍ അനാവശ്യഅപ്പീലുകളുടെ പേരില്‍ സൌരവിനും അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കുമെതിരെ മാച്ച് റഫറി നടപടിയെടുത്തു. കളിക്കാരെ നിയന്ത്രിക്കാത്തതിന് ഗാംഗുലിക്ക് ഒരു ടെസ്റില്‍ നിന്ന് വിലക്കും. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കരുത്തെന്താണെന്ന് പാശ്ചാത്യക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു എന്നതുമാത്രമായി ഇതിന്റെ ബാക്കിപത്രം.
ലോകത്ത് ഓസ്ട്രേലിയന്‍ ടീമിനെ തോല്‍പിക്കാന്‍ കെല്‍പ് സൌരവ് നയിക്കുന്ന ഇന്ത്യയ്ക്ക് മാത്രമാണെന്ന് കളിയെഴുത്തുകാര്‍ തുടര്‍ച്ചയായി പറഞ്ഞുതുടങ്ങി. വിവിഎസ് ലക്ഷ്മണ്‍ എന്ന ആസ്ട്രേലിയക്കെതിരെ റണ്‍ വാരുന്ന യന്ത്രത്തെ ഫലപ്രദമായി സൌരവ് ഉപയോഗിച്ചു. ലക്ഷ്മണിനെ മുന്‍നിര്‍ത്തി ആസ്ട്രേലിയയെ അവരുടെ നാട്ടില്‍ സൌരവ് വിറപ്പിച്ചു. ആസ്ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ പന്തിനു പിന്നാലെ ബൌണ്ടറിയിലേക്ക് എസ്കോര്‍ട് പോകുന്നത് കണ്ട് ഇന്ത്യന്‍ ആരാധകര്‍ ആനന്ദിച്ചു. 2001ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ ജീവിതത്തിലൊരിക്കലും ആ പരമ്പര മറക്കില്ല. ആദ്യ ടെസ്റ് നേടി പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയായിരുന്നു ഓസ്ട്രേലിയ. രണ്ടാം ടെസ്റ് സൌരവിന്റെ നാടായ കോല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. ഇന്ത്യ ഫോളോ ഓണ്‍ വഴങ്ങി. സ്റീവ് വോ അടുത്ത വിജയവും പരമ്പരയും ഉറപ്പിച്ചു. എന്നാല്‍ ലക്ഷ്മണിന്റെ ഡബിള്‍ സെഞ്ച്വറിയോടെ തിരിച്ചു വന്ന ഇന്ത്യ ഓസ്ട്രേലിയയെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചു കളഞ്ഞു. അടുത്ത ടെസ്റ് വിജയത്തോടെ പരമ്പരയും സ്വന്തമാക്കി. ഇന്ത്യന്‍ വാലറ്റം പോലും ഷെയിന്‍ വോണ്‍ എന്ന ലോകോത്തര ലെഗ്സ്പിന്നറെ അടിച്ചു പറത്തി. 1983ല്‍ കിരീടം നേടിയതിനു ശേഷം ഇന്ത്യയെ ആദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിക്കാനും സൌരവിനായി. ചരിത്രത്തിലാദ്യമായി പാകിസ്ഥാനില്‍ ടെസ്റ് പരമ്പര നേടിയ ക്യാപ്റ്റനും ഗാംഗുലിയാണ്. 2004ലെ പാകിസ്ഥാന്‍ ടൂറില്‍ ടെസ്റ്, ഏകദിന പരമ്പരകള്‍ നേടിയാണ് ഇന്ത്യ തിരിച്ചുവന്നത്. അടുത്ത വര്‍ഷം ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു. അഞ്ചു വര്‍ഷം സൌരവ് ഇന്ത്യയെ ടെസ്റ്റുകളില്‍ നയിച്ചു.

ഓഫ് സൈഡിലെ ദൈവം

1992ല്‍ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് സീരീസില്‍ വെസ്റിന്റീസിനെതിരെയായിരുന്നു സൌരവ് ഗാംഗുലി അരങ്ങേറിയത്. 13 ബോളില്‍ മൂന്നു റണ്ണുമായി ഗാംഗുലി മടങ്ങി. പിന്നെ നാല് വര്‍ഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വനവാസം. ഫുഡ്ബോള്‍ കളിക്കാരനായി സ്പോര്‍ട്സ് കരിയര്‍ ആരംഭിച്ച് ക്രിക്കറ്റിലേക്ക് എത്തിപ്പെട്ട ഒരാളെന്നു കരുതി ക്രിക്കറ്റ് പ്രേമികള്‍ ആ പയ്യനെ മറന്നു. സാധാരണകളിക്കാരനായിരുന്നെങ്കില്‍ തുടര്‍ച്ചയായ നാല് വര്‍ഷം തഴയപ്പെട്ടപ്പോള്‍ മനസ് മടുത്തേനേ. എന്നാല്‍ അങ്ങനെ ആഭ്യന്തരക്രിക്കറ്റില്‍ ഒതുങ്ങണ്ട കളിക്കാരനായിരുന്നില്ലല്ലോ സൌരവ്. 1996ലെ ഇംഗ്ളണ്ട് പര്യടനത്തിനുള്ള ടീമില്‍ സൌരവ് വീണ്ടും ഇടം തേടി. അരങ്ങേറ്റ ടെസ്റില്‍ സൌരവ് ലോര്‍ഡ്സിലെ വസന്തമായി. സെഞ്ച്വറിയോടെ തുടക്കം. 1997ല്‍ ടൊറന്റോയില്‍ നടന്ന സഹാറാകപ്പില്‍ സൌരവ് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളു. ഗാംഗുലി ബാറ്റെടുത്തപ്പോഴൊക്കെ റണ്ണൊഴുകി. പന്തെടുത്തപ്പോഴൊക്കെ വിക്കറ്റും വീണു. ഇന്ത്യ 4-1ന് പാകിസ്ഥാനെ മുക്കി. പരമ്പര തീര്‍ന്നപ്പോള്‍ ഗാംഗുലിയുടെ പ്രകടനത്തിന്റെ രേഖകള്‍ ഇങ്ങനെ- അഞ്ച് ഏകദിനങ്ങളില്‍ നിന്ന് 55.5 റണ്‍ ശരാശരിയോടെ 222 റണ്‍, 10.66 ശരാശരിയില്‍ 15 വിക്കറ്റ്, നാല് മാന്‍ ഓഫ് ദ മാച്ച്!
പിന്നീട് പലപ്പോഴും പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് അദ്ദേഹം തിരികെയെത്തി. കോച്ച് ചാപ്പലുമായുള്ള വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്നു തന്നെ പുറത്തായി. ഒന്നരവര്‍ഷം ടീമില്‍ ഇടം കിട്ടാതിരുന്നതോടെ സൌരവിന്റെ അന്താരാഷ്ട്രകരിയര്‍ അവസാനിച്ചതായി പലരും വിലയിരുത്തി. എന്നാല്‍ ആ പോരാളി തോല്‍വിസമ്മതിക്കാന്‍ ഒരുക്കമായിരുന്നില്ല. 2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ് പരമ്പരയില്‍ തിരികെയെത്തി. ആ പരമ്പരയില്‍ ഇന്ത്യയുടെ ടോപ്പ് സ്കോററായി സൌരവ്. തുടര്‍ന്ന് ഇംഗ്ളണ്ടിനെതിരെയും മിന്നുന്ന പ്രകടനം. ടെസ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞ വര്‍ഷമായിരുന്നു. ബാംഗ്ളൂരില്‍ പാകിസ്ഥാനെതിരെ ഡബിള്‍ സെഞ്ച്വറി. സൌരവിന്റെ ആദ്യ ഡബിള്‍. 89 റണ്‍ ശരാശരിയോടെ 534 റണ്‍സാണ് ആ പരമ്പരയില്‍ അടിച്ചുകൂട്ടിയത്. പ്രതിഫലമോ- മാന്‍ ഓഫ് ദ സീരീസ്.
ഓഫ് സൈഡിലെ ദൈവമെന്ന വിശേഷണമാണ് തന്റെ കേളീ ശൈലി സൌരവിന് സമ്മാനിച്ചത്. ബാക്ക് ഫുട്ടിലും ഫ്രണ്ട് ഫുട്ടിലും ഒരു പോലെ ഓഫ് സൈഡില്‍ കളിക്കാനുള്ള വിരുത്. കൃത്യമായ ടൈമിങ് മാത്രം സാധ്യമാക്കുന്ന മനോഹരമായ ഓഫ് സൈഡ് ഡ്രൈവുകള്‍ സൌരവിന്റെ ട്രേഡ്മാര്‍ക്കായി. സ്പിന്നറാണെങ്കില്‍ ആദ്യ ഓവറിലെ മൂന്നാമത്തെ ബോളിലെങ്കിലും സൌരവ് ക്രീസ് വിട്ടിറങ്ങിയിരിക്കും. പിന്നെ സ്റേഡിയത്തിന്റെ അളവെടുക്കാനാകും പന്തിന്റെ വിധി. പിച്ചിന്റെ ഏകദേശം മധ്യഭാഗം വരെയെത്തിയാണ് പലപ്പോഴും സ്പിന്നറെ ഗാംഗുലി കൈകാര്യം ചെയ്യുന്നത്. ലോകോത്തര സ്പിന്നര്‍ മുത്തയ്യ മുരളീധരനു പോലും അതനുഭവിക്കേണ്ടി വന്നു. 1999 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലായിരുന്നു അത്. ഇന്ത്യ ആ കളിയില്‍ ശ്രീലങ്കയ്ക്കെതിരെ അടിച്ചത് 373 റണ്‍സ്. അതില്‍ സൌരവിന്റെ വീതം 158 ബോളില്‍ 183 റണ്‍. 17 ഫോറും 7 സിക്സും. രണ്ടാം വിക്കറ്റിന് ദ്രാവിഡിനൊപ്പം നേടിയത് 318 റണ്‍സായിരുന്നു. മുരളീധരന്‍ പത്തോവറില്‍ വിക്കറ്റൊന്നുമെടുക്കാതെ 60 റണ്ണാണ് ആ കളിയില്‍ വഴങ്ങിയത്. ചാമിന്ദ വാസിനിട്ട് ഒരോവറില്‍ 8.40 റണ്‍ വെച്ചും ജയസൂര്യക്കിട്ട് 12.33 റണ്‍ വച്ചും കിട്ടി. ആ കളിയോടെ ഏകദിനക്രിക്കറ്റിലെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്മാനെന്ന് സൌരവ് അറിയപ്പെട്ടു.
2000ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഗാംഗുലി ഓഫ്സൈഡില്‍ റണ്‍ നേടുന്നത് തടയാന്‍ പദ്ധതി തയ്യാറാക്കി. ഹാന്‍സി ക്രോണിയ ഗാംഗുലിക്കെതിരെ ഓഫ് സൈഡില്‍ വിന്യസിച്ചത് ഏഴ് ഫീല്‍ഡര്‍മാരെ. പോയിന്റില്‍ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ ജോണ്ടി റോഡ്സ്. കൂട്ടിന് ഹര്‍ഷേല്‍ ഗിബ്സ്, ജാക് കാലിസ് തുടങ്ങിയ മഹാരഥന്‍മാരും. കളി തുടങ്ങി. ഓഫ് സൈഡില്‍ നിലത്തുകൂടിയുള്ള വഴിയടഞ്ഞപ്പോള്‍ സൌരവ് പന്ത് ആകാശത്തുകൂടി പറത്തി. റോഡ്സിന്റെയും കാലിസിന്റെയും ഗിബ്സിന്റെയും എല്ലാം തലയ്ക്കുമുകളിലൂടെയും ഇടയിലുള്ള നൂലിട വിടവിലൂടെയും പന്ത് ബൌണ്ടറി കടന്നു. ചിലത് ഗ്യാലറിയിലെ ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തില്‍ അപ്രത്യക്ഷമായി. ആ പരമ്പരയില്‍ ഗാംഗുലി നേടിയത് ഒരു സെഞ്ച്വറിയും രണ്ട് ഡബിള്‍ സെഞ്ച്വറിയും. പരമ്പരയും ഇന്ത്യയ്ക്ക്. ക്രോണിയേയുടെ തന്ത്രം പൊളിഞ്ഞു. പക്ഷേ അതിന് കാരണമുണ്ടായിരുന്നു. അന്ന് വെള്ളിടി ഡൊണാള്‍ഡ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൌളിങ് നിരയില്‍ ഉണ്ടായിരുന്നത്. ഷോണ്‍ പൊള്ളോക്ക് കളിച്ചില്ല. ഇത് മനസിലാക്കിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോ പിന്നീട് ഇതേ തന്ത്രം സൌരവിനെതിരെ ഫലപ്രദമായി ഉപയോഗിച്ചു. മഗ്രാത്തും ലീയും ഗില്ലസ്പിയും വോണും കൃത്യതയോടെ എറിഞ്ഞപ്പോള്‍ ഗാംഗുലിക്ക് വഴിയടഞ്ഞു. സ്ഥിരം ദൌര്‍ബല്യമായിരുന്ന ഷോര്‍ട്പിച്ച് ബോള്‍ ഇതിനിടയില്‍ എറിഞ്ഞ് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. (ഈ ദൌര്‍ബല്യം പരിഹരിക്കാനാണ് പിന്നീട് സൌരവ് ആസ്ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പലിനെ സമീപിച്ചത്. ഗാംഗുലിയുമായുള്ള അടുപ്പത്തിലൂടെ ചാപ്പല്‍ പിന്നീട് ഇന്ത്യന്‍ കോച്ചായി, ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു!)

സച്ചിനും സൌരവും

സച്ചിന്‍-സൌരവ് സഖ്യം ഇന്ത്യയ്ക്കായി ആദ്യം ഓപ്പണ്‍ ചെയ്തപ്പോള്‍ തന്നെ നേടിയത് 126 റണ്‍സാണ്. സൌരവ് 64, സച്ചിന്‍ 54. പിന്നീട് ഈ കൂട്ടുകെട്ട് ലോകക്രിക്കറ്റിലെ ഏറ്റവും മാരകവും മനോഹരവുമായ ഓപ്പണിങ് പാട്ണര്‍ഷിപ്പാകുന്നതാണ് ലോകം കണ്ടത്. മിക്കവാറും സൌരവാകും ആക്രമിച്ചു തുടങ്ങുക. പിന്നീടത് സച്ചിന്‍ ഏറ്റെടുക്കുകയും ചെയ്യും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിനൊപ്പം ഓപ്പണ്‍ ചെയ്തതു കൊണ്ടുമാത്രമാണ് സൌരവ് രണ്ടാമതുമാത്രം പരിഗണിക്കപ്പെട്ടത്.
എങ്കില്‍ പോലും പലപ്പോഴും ആ നിഴലില്‍ നിന്ന് സൌരവ് കുതിച്ചു മാറി. അതിന് തെളിവ് സൌരവിന്റെ കരിയര്‍ സ്റാറ്റിറ്റിക്സ് നല്‍കും- 113 ടെസ്റില്‍ നിന്ന് 42.17 ശരാശരിയോടെ 7217 റണ്‍സ്, 16 സെഞ്ച്വറി, 35 അര്‍ദ്ധസെഞ്ച്വറി. 311 ഏകദിനങ്ങളില്‍ നിന്ന് 41.02 ശരാശരിയോടെ 11363 റണ്‍സ്. ഇതില്‍ 22 സെഞ്ച്വറിയും 72 അര്‍ദ്ധസെഞ്ച്വറിയും. ഇത്രയും ഏകദിനങ്ങളില്‍ നിന്ന് സൌരവ് അടിച്ചു കൂട്ടിയത് 190 സിക്സറുകളും 1122 ബൌണ്ടറികളുമാണ്! ഏകദിനങ്ങളില്‍ 100 വിക്കറ്റുകളും ഗാംഗുലി കീശയിലാക്കി.
പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു- ഇനി ഓഫ് സൈഡിനെ ആരു ഭരിക്കും?

Wednesday, June 16, 2010

Maradona: Man and the myth


മറഡോണ: മൈതാനിയിലെ ഒറ്റക്കുന്ന്


He is someone many people want to emulate, a controversial figure, loved, hated, who stirs great upheaval, especially in Argentina... Stressing his personal life is a mistake. Maradona has no peers inside the pitch, but he has turned his life into a show, and is now living a personal ordeal that should not be imitated- Jorge Valdano


മറഡോണയുടെ സഹതാരത്തിന്റെ വിലയിരുത്തലില്‍ അല്‍പവും പിഴവുണ്ടായിട്ടില്ല. കാരണം, മലമുകളിലായാലും താഴ്വാരത്തായാലും ഏറെനാള്‍ കഴിയാനിഷ്ടപ്പെടുന്ന ആളല്ല ഡീഗോ മറഡോണ. വില്ലാ ഫിയോറിട്ടോയിലെ തെരുവുകളില്‍ നഗ്നപാദനായി കാല്‍പന്തുരുട്ടിയ കുട്ടിയുടെ അതേ നിഷ്കളങ്കതയോടെയായിരുന്നു എന്നും അദ്ദേഹം ജീവിതത്തെ സമീപിച്ചത്. അത് കൊക്കെയ്നോടായാലും കളിയോടായാലും ദാമ്പത്യജീവിതത്തോടായാലും. അതുകൊണ്ടാണല്ലോ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ളണ്ടിന്റെ 11 കളിക്കാരെയും റഫറിയേയും സ്റേഡിയത്തിലുണ്ടായിരുന്ന മാലോകരെയും എല്ലാം കളിപ്പിച്ച് കൈകൊണ്ട് പന്ത് തട്ടി അടിച്ച ഗോളിനെക്കുറിച്ച് നിഷ്കളങ്കമായ ചിരിയോടെ അത് മറഡോണയുടെ തലയുടെയും ദൈവത്തിന്റെ കൈയുടെയും ചെറിയ സഹായത്തോടെ നേടിയ ഗോളാണെന്ന് പറഞ്ഞുകളഞ്ഞത്.
പുരാവൃത്തം
ഒരിക്കല്‍കൂടി മെക്സിക്കോ സിറ്റിയിലെ എസ്റാഡിയോ അസ്റെകാ സ്റേഡിയത്തില്‍ 1986 ജൂണ്‍ 22ന് നടന്ന മത്സരത്തിലേക്ക് പോകേണ്ടി വരും മറഡോണയുടെ പ്രതിഭ മനസിലാക്കാന്‍. രണ്ടാം പകുതിയിലെ ആറാം മിനിറ്റില്‍ മറഡോണ നേടിയ വിവാദഗോളിനെതിരെ ഇംഗ്ളീഷ് കളിക്കാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ആരവം തീര്‍ന്നിട്ടില്ല. രണ്ടാം പകുതിയിലെ പതിനൊന്നാം മിനിറ്റ്, ഡ്രിബിളിങ്ങിന്റെ ആശാനെന്ന് മറഡോണയെ വിളിക്കുന്നതെന്തെന്ന് ലോകം ശ്വാസമടക്കിപ്പിടിച്ച് കണ്ടു. മറഡോണയുടെ കാലില്‍ പന്തെത്തുമ്പോള്‍ ഇംഗ്ളീഷ് ഗോള്‍മുഖത്തേക്കുള്ള ദൂരം 60 മീറ്ററിലേറെ വരും. ഇംഗ്ളീഷ് മധ്യനിരയിലും പ്രതിരോധനിരയിലുമുള്ള അഞ്ചുകളിക്കാര്‍ മുന്നിലെ മേരുക്കള്‍. കാലില്‍ ഒട്ടിച്ചു വച്ച പന്തുമായി മറഡോണ ഒരു സ്പ്രിന്ററായി. ഹഡില്‍, റീഡ്, സാന്‍സം, ബുച്ചര്‍, ഫെന്‍വിക് എന്നീ അഞ്ച് ഇംഗ്ളീഷ് കളിക്കാരും മറഡോണയുടെ ഡ്രിബ്ളിങ് മായാജാലത്തിന് അടിപ്പെട്ടുപോയി. ബുച്ചറിനെ ഒന്നല്ല, രണ്ടുവട്ടമാണ് ഈ പടയോട്ടത്തിനിടെ മറഡോണ മറികടന്നത്. ഇനി മുന്നില്‍ ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ മാത്രം- മൈതാന മധ്യത്തില്‍ നിന്ന് കുതിച്ചു വന്ന മറഡോണയെ തടയാന്‍ അന്ന് ഷില്‍ട്ടണെന്നല്ല ദൈവത്തിനും ആകുമായിരുന്നില്ല. ഇംഗ്ളണ്ടിന്റെ ഹൃദയം തകര്‍ത്ത ഒറ്റഗോള്‍. അന്നുമുതല്‍ മറഡോണ കാല്‍പ്പന്തുകളിയുടെ സ്വര്‍ഗ്ഗത്തിലെ ദൈവമായി. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 2002ല്‍ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളിനായി നടന്ന വോട്ടെടുപ്പില്‍ ഇതിനു പകരം വയ്ക്കാന്‍ ഒരു ഗോളില്ലായിരുന്നു.1960 ഒക്ടോബര്‍ 30നായിരുന്നു അര്‍ജന്റീനയിലെ ലേനസില്‍ ഡീഗോ മറഡോണയുടെ ജനനം. തീര്‍ത്തും ദരിദ്രമായ പശ്ചാത്തലം. മക്കളാല്‍ മാത്രം സമ്പന്നരായിരുന്നു മറഡോണയുടെ മാതാപിതാക്കള്‍. അര്‍ജന്റീനയാണെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും രാഷ്ട്രീയ പ്രതിസന്ധിയിലൂടെയും കടന്നുപോകുന്നു. പട്ടാളഭരണകൂടത്തിന്റെ ഭീകരതയില്‍ രാജ്യം വിറങ്ങലിച്ച നാളുകളായിരുന്നു അറുപതുകളും എഴുപതുകളും. എവിടെയും അക്രമസംഭവങ്ങള്‍. എഴുപതുകളുടെ ഒടുവില്‍ 30000 പേരെ കാണാതായെന്നാണ് കണക്ക്. പണപ്പെരുപ്പം മൂന്നക്കത്തിലായിരുന്നു വര്‍ഷങ്ങളോളം. ഇടതുപക്ഷ ഒളിപ്പോരാളികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടു. പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഏറെ വലുതായി എന്നതായിരുന്നു ഇതിന്റെയെല്ലാം അന്തിമഫലം.പ്രത്യാശയുടേതായ യാതൊന്നും മറഡോണയുടെ കുട്ടിക്കാലത്ത് അര്‍ജന്റീനയില്‍ അവശേഷിച്ചിരുന്നില്ല. തീര്‍ത്തും ദരിദ്രമായ പശ്ചാത്തലവും. കുട്ടികള്‍ക്ക് റോള്‍ മോഡലായി അക്കാലത്ത് ആരും ഉണ്ടായിരുന്നില്ല. മറഡോണയുടെ തന്നെ വാക്കുകളില്‍, \\\'റോള്‍ മോഡലുകള്‍ എന്റെ ചന്തിയായിരുന്നു!\\\' ലാറ്റിനമേരിക്കയില്‍ പൊതുവെ അക്കാലത്ത് യുവാക്കള്‍ എത്തിപ്പെട്ടത് മയക്കുമരുന്ന്-മാഫിയാ സംഘങ്ങളിലായിരുന്നു. പക്ഷേ മറഡോണയടക്കമുള്ള മറ്റൊരു വലിയ വിഭാഗത്തിന് വേറൊരാശ്രയമുണ്ടായിരുന്നു- ഫുട്ബോള്‍.
പടവുകള്
‍അര്‍ജന്റീനയിലെ തെരുവുകളിലെല്ലാം വെടിയൊച്ചകള്‍ക്കൊപ്പം കാല്‍പന്തുകളിയുടെ ആരവവും ഉണ്ടായിരുന്നു. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന തന്റെ മേല്‍ക്കൂരയെക്കുറിച്ചുള്ള ഓര്‍മകള്‍ തെരുവ് ഫുട്ബോളില്‍ താനടിച്ച ഓരോ ഗോളിലൂടെയും കൊച്ചു മറഡോണ മറന്നു. പില്‍ക്കാലത്ത് അദ്ദേഹം സ്വീകരിച്ച പല രാഷ്ട്രീയ നിലപാടുകളുടെ അടിത്തറയും രൂപപ്പെടുത്തുകയായിരുന്നു അക്കാലം. ആദ്യമായി ഒരു ലതര്‍ബോള്‍ കയ്യില്‍ കിട്ടിയ ദിവസം അതും കെട്ടിപ്പിടിച്ചാണ് താന്‍ കിടന്നുറങ്ങിയതെന്ന് മറഡോണ ആത്മകഥയില്‍ ഓര്‍മിക്കുന്നു. പത്താമത്തെ വയസിലാണ് മറഡോണയുടെ ജീവിതം മാറിമറിഞ്ഞത്. ആ കൊച്ചുകളിക്കാരന്റെ നീക്കങ്ങളിലെ പ്രതിഭയുടെ സ്പര്‍ശം ബ്യൂനോസ് അരീസ് ക്ളബ്ബ് അധികൃതര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ക്ളബ്ബിന്റെ ജൂനിയര്‍ ടീമായ അര്‍ജന്റിയസ് ജൂനിയേഴ്സില്‍ മറഡോണ എത്തി. ഒന്നാം ഡിവിഷന്‍ മത്സരങ്ങളിലെ ബോള്‍ ബോയിയായിരുന്നു കൊച്ചു മറഡോണ. പതിനഞ്ചാം വയസില്‍ അര്‍ജന്റീനസ് ജൂനിയേഴ്സിനായി മറഡോണ അരങ്ങേറ്റം നടത്തി. 1981 വരെ അര്‍ജന്റീനസ് ജൂനിയേഴ്സിനായി ജേഴ്സിയണിഞ്ഞു. 166 കളികളില്‍ നിന്ന് 116 ഗോളുകള്‍. പിന്നെ ബോക്ക ജൂനിയേഴ്സില്‍. അര്‍ജന്റീനയിലെ സാധാരണക്കാരുടെ ക്ളബ്ബായിരുന്നു ബോക്ക ജൂനിയേഴ്സ്. പതിനാറാം വയസില്‍ അര്‍ജന്റീനയുടെ ദേശീയ ജഴ്സിയണിഞ്ഞു. തുടര്‍ന്ന് നടന്ന വേള്‍ഡ് യൂത്ത് ചാംപ്യന്‍ഷിപ്പിന്റെ താരമായിരുന്നു മറഡോണ. യുഎസ്എസ്ആറിനെ 3-1ന് തറപറ്റിച്ച് അര്‍ജന്റീന കിരീടം ചൂടി. 1977 മുതല്‍ 1994 വരെ അര്‍ജന്റീന ടീമിലെ അംഗമായിരുന്നു മറഡോണ. ദേശീയ ടീമിനായി 91 കളികളില്‍ നിന്നായി 34 ഗോളുകള്‍ അടിച്ചുകൂട്ടി. മറഡോണയുടെ നേതൃത്വത്തിലായിരുന്നു 1986ല്‍ അര്‍ജന്റീന ലോകകിരീടം ചൂടിയത്. 2000ല്‍ ഫിഫയുടെ പ്ളെയര്‍ ഓഫ് ദ ഇയര്‍ ബഹുമതി പെലെയുമായി പങ്കുവച്ചു.
കളി, ജീവിതം, രാഷ്ട്രീയം
അസാധാരണമായ ഉയര്‍ച്ചതാഴ്ചകളായിരുന്നു കായികജീവിതത്തിലും വ്യക്തിജീവിതത്തിലും മറഡോണയെ കാത്തിരുന്നത്. മയക്കുമരുന്നിന്റെ പിടിയില്‍ ധൂര്‍ത്തടിച്ചുപോയ പ്രതിഭയായി പലരും അദ്ദേഹത്തെ വിലയിരുത്തി. മിഷേല്‍ പ്ളാറ്റീനി ഒരിക്കല്‍ മറഡോണയെക്കുറിച്ച് പറഞ്ഞു, സിനദീന്‍ സിദാന്‍ ഫുട്്ബോളു കൊണ്ട് ചെയ്യുന്നത് അദ്ദേഹം ഓറഞ്ചു കൊണ്ട് ചെയ്യുമെന്ന്.1982ലായിരുന്നു മറഡോണ ആദ്യ ലോകകപ്പ് കളിക്കുന്നത്. അന്നേ മറഡോണ ഫുട്ബോള്‍ പ്രേമികളുടെ ആവേശമായി. ആ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളിലും 90 മിനിറ്റും മറഡോണ കളിച്ചു. അഞ്ചരയടി ഉയരവും താരതമ്യേന വണ്ണവുമുള്ള മറഡോണയുടെ വേഗവും ഡ്രിബ്ളിങ്മികവും എതിരാളികളുടെ ഉറക്കംകെടുത്തി. കളത്തിലെ ഇടുങ്ങിയ സ്ഥലികളില്‍ വച്ച് എതിരാളികളെ കബളിപ്പിക്കാന്‍ പ്രത്യേകമികവായിരുന്നു മറഡോണയ്ക്ക്, പ്രത്യേകിച്ച് പെനാല്‍റ്റി ബോക്സിനുള്ളില്‍. പ്രതിരോധ നിര അതിവേഗം അദ്ദേഹമൊരുക്കുന്ന കെണിയില്‍ വീണുപോകും. 1986 ല്‍ ഇംഗ്ളീഷ് പ്രതിരോധനിരയ്ക്ക് സംഭവിച്ചത് അതായിരുന്നു. ഉയരക്കുറവുണ്ടെങ്കിലും കരുത്തനായിരുന്നു മറഡോണ. ഈ കഴിവുപയോഗിച്ച് ഡിഫന്ററുടെ ചുറ്റും കറങ്ങി ഗോള്‍ വലയത്തിലേക്കുള്ള നൂലിട വിടവിനെങ്കിലുമായി അദ്ദേഹം കാക്കും. വിടവുകിട്ടിയാല്‍ അതിവേഗത്തിലായിരിക്കും അവിടേയ്ക്ക് പന്തുപായിക്കുന്നത്. അതിവേഗതയിലുളള ഡ്രിബ്ളിങ്ങായിരുന്നു മറഡോണയുടെ ട്രേഡ്മാര്‍ക്ക്. പിന്‍കാലുകൊണ്ടുള്ള റിവേഴ്സ് ക്രോസ് പാസായ റബോനാ ഷോട്ടാണ് മറഡോണയുടെ മറ്റൊരു കരുത്ത്. 1980ല്‍ മറഡോണയുടെ റബോനാ ഷോട്ടിന്റെ കരുത്ത് സ്വിറ്റ്സര്‍ലണ്ട് അറിഞ്ഞു. ഗോള്‍ അസാധ്യമായ ആങ്കിളില്‍ നിന്ന് മറഡോണ പിന്‍കാലുകൊണ്ട് നല്‍കിയ പാസിന് റമോണ്‍ ഡയസ് തലവച്ചു. പന്ത് വലയില്‍ കയറിയ ശേഷമാണ് സ്വിറ്റ്സര്‍ലന്റ് ഗോളി പോലും വിവരം അറിഞ്ഞത്. ഫ്രീകിക്കിലും മറഡോണ അതുപോലെ അപകടകാരിയായി. മറഡോണയുടെ കായികജീവിതത്തില്‍ മയക്കുമരുന്നിന്റെ കരിനിഴല്‍ പടര്‍ന്നത് 1991ലാണ്. ഇറ്റലിയില്‍ നടന്ന ഡോപ് ടെസ്റില്‍ മറഡോണ പരാജയപ്പെട്ടു. കോക്കെയിന്‍ ആയിരുന്നു വില്ലന്‍. തുടര്‍ന്ന് 15 മാസം സസ്പെന്‍ഷന്‍. 1994 ലോകകപ്പിലും മറഡോണ അര്‍ജന്റീനയുടെ ക്യാപ്റ്റനായിരുന്നെങ്കിലും കോക്കെയിന്‍ പ്രതിനായകനായെത്തി. മറഡോണ ദുരന്തനായകനാകുന്നത് ലോകം വേദനയോടെ കണ്ടു. ടൂര്‍ണമെന്റിന്റെ പകുതിക്ക് വച്ച് മറഡോണയെ ഫുട്്ബോള്‍ ലോകത്തിന് നഷ്ടമായി. കുനിഞ്ഞ ശിരസോടെ നാട്ടിലേക്ക് മടങ്ങിയ മറഡോണയുടെ പിന്നീടുള്ള ജീവിതം മയക്കുമരുന്നുമായുള്ള പോരാട്ടമായിരുന്നു. 1996ല്‍ നിസഹായനായി മറഡോണ ലോകത്തോട് ഏറ്റുപറഞ്ഞു- ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു, ഇന്നും അങ്ങനെ തന്നെയാണ്, എന്നും അങ്ങനെയായിരിക്കും. ഒരിക്കല്‍ മയക്കുമരുന്നിന് അടിമയായിപ്പോയ മനുഷ്യന് എന്നും അതിനോട് പൊരുതണ്ടി വരും. ആദ്യ വിവാഹജീവിതത്തിലെ പരാജയം ഇതിനിടയില്‍ മറഡോണയുടെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കി. മയക്കുമരുന്നിന്റെ ഉപയോഗം അമിതമായ ശരീരഭാരത്തിലേക്ക് നയിച്ചു. 2004 ഏപ്രില്‍ 18ന് കൊക്കെയിന്റെ അമിത ഉപയോഗം മറഡോണയ്ക്ക് സമ്മാനിച്ചത് ഹൃദയാഘാതമാണ്. ആശുപത്രിയില്‍ അനിശ്ചിതത്വത്തിന്റെ നാളുകള്‍. അവിടെയും വിജയിച്ചത് മറഡോണയിലെ പോരാളി തന്നെ. ഏപ്രില്‍ 29ന് അദ്ദേഹം ആശുപത്രി വിട്ടു. തുടര്‍ന്ന് മറഡോണ ആരോഗ്യത്തില്‍ ശ്രദ്ധിച്ച നാളുകളായിരുന്നു. പിന്നെ പുറം ലോകം കാണുന്നത് ഏറെ മെലിഞ്ഞ് സുന്ദരനായ മറഡോണയെയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹം വീണ്ടും ആശുപത്രിയിലായി. ഇക്കുറി അമിതമദ്യപാനമാണ് അദ്ദേഹത്തെ കിടപ്പിലാക്കിയത്. അവിടെയും മറഡോണ തളര്‍ന്നില്ല. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അര്‍ജന്റീനയിലെ ടെലിവിഷന്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ട മറഡോണ വെളിപ്പെടുത്തി- ഞാന്‍ മദ്യപാനം ഉപേക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിച്ചിട്ടേ ഇല്ല. കളിയിലും ജീവിതത്തിലും കരുത്തനായ പോരാളിയായിരുന്ന മറഡോണയ്ക്ക് ലാറ്റിനമേരിക്കന്‍ രാഷ്ട്രീയഭൂമികയില്‍ നിന്ന് മാറി നില്‍ക്കാനാകുമായിരുന്നില്ല. ക്യൂബയുടെ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയുടേയും വെനിസ്വലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെയും അടുത്ത സുഹൃത്തും ആരാധകനുമാണ് മറഡോണ. ഫിഡല്‍ കാസ്ട്രോയെക്കുറിച്ചുള്ള മറഡോണയുടെ പരാമര്‍ശം ഏറെ പ്രശസ്തമായി, എനിക്ക് കാസ്ട്രോ ദൈവമാണ് എന്നായിരുന്നു മറഡോണ പറഞ്ഞത്. മറഡോണയുടെ കൈയില്‍ പച്ചകുത്തിയിരിക്കുന്നത് മറ്റാരുടെയും രൂപമല്ല, അര്‍ജന്റീനക്കാര്‍ക്ക് പ്രിയപ്പെട്ട, അവരുടെ ചേ ആയിരുന്ന ഏണസ്റോ ചെഗുവേരയുടെ മുഖമാണ്. 2005ല്‍ സമ്മിറ്റ് ഓഫ് ദ അമേരിക്കാസില്‍ പങ്കെടുക്കുന്നതിനായി അര്‍ജന്റീനയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെതിരെ മറഡോണയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ബുഷിനെ അന്ന് മറഡോണ വിളിച്ചത് ഹ്യൂമന്‍ ഗാര്‍ബേജ് (മനുഷ്യമാലിന്യം) എന്നാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ അമേരിക്ക നടത്തിയിരുന്ന ശ്രമങ്ങളെക്കുറിച്ചുള്ള ഉത്തമബോധ്യങ്ങളില്‍ നിന്നായിരുന്നു മറഡോണ ഇത്തരം നിലപാടുകളെടുത്തത്. യുഎസില്‍ നിന്ന് പുറത്തുവരുന്ന എന്തിനെയും താന്‍ വെറുക്കുന്നു എന്നുവരെ അദ്ദേഹം പറഞ്ഞുകളഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറാന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തന്റെ സന്ദേശത്തോടുകൂടി ഒപ്പിട്ട ഷര്‍ട്ട് അദ്ദേഹം അയച്ചുകൊടുത്തു. അര്‍ജന്റീന ദേശീയ ടീമിന്റെ കോച്ചാകുന്നതോടെ വീണ്ടും മുഖ്യധാരയിലേക്ക് തിരികെയെത്തുകയാണ് മറഡോണ, സൂര്യശോഭയോടെ തന്നെ. വീണ്ടും ഉയര്‍ച്ചയുടെ വഴിയിലാണ് മറഡോണ. അനിശ്ചിതത്വങ്ങളുടെ തമ്പുരാന്റെ പ്രവചനാതീതമായ ദിനങ്ങള്‍ക്കായി കാത്തിരിക്കാം.

Sunday, June 13, 2010

top five rich sportsstars









പണം വാരും സ്പോര്‍ട്സ്
സ്പോര്‍ട്സും കോര്‍പ്പറേറ്റ് ലോകവും കൈകോര്‍ത്തതോടെ ലോകത്തെ ധനികരുടെ പട്ടികയിലേക്ക് കായികതാരങ്ങളും ഇടം നേടി. ഇന്ന് കോടികള്‍ മറിയുന്ന വ്യവസായമാണ് സ്പോര്‍ട്സ്. അവിടത്തെ താരങ്ങള്‍ കോടീശ്വരന്‍മാരും. ഈ പട്ടികയില്‍ ഒരു ക്രിക്കറ്റ് താരം പോലും ഇല്ല എന്നതാണ് കൌതുകകരം. ക്രിക്കറ്റ് ഇന്ത്യയിലെ പണം വാരിക്കളിയാകാം. പക്ഷേ കായികലോകത്തിന്റെ ഓരങ്ങളില്‍ മാത്രമേ അതിന് ഇടമുള്ളു. ഗോള്‍ഫും ടെന്നീസും ഫുട്ബോളും ബാസ്കറ്റ്ബോളും കാറോട്ടവും എല്ലാമാണ് ഇതിലെ രാജാക്കന്‍മാര്‍.

ടൈഗര്‍ വുഡ്സ്
  • ഒരു ദശാബ്ദമായി ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് തന്നെ. കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്നവര്‍ക്കുവരെ കളിക്കാവുന്ന കളിയെന്ന ഖ്യാതിയുള്ള ഗോള്‍ഫിലെ കിരീടം വച്ച രാജാവാണ് യുഎസ്സിലെ എല്‍ഡ്രിക് ടോന്റ് 'ടൈഗര്‍' വുഡ്സ്. ഇതിനകം 14 പ്രധാന ഗോള്‍ഫ് ചാംപ്യന്‍ഷിപ്പുകള്‍ ടൈഗര്‍ നേടി. ദ മാസ്റേഴ്സ് (നാല് തവണ), യുഎസ് ഓപ്പണ്‍ (മൂന്ന്), ഓപ്പണ്‍ ചാംപ്യന്‍ഷിപ്പ് (മൂന്ന്), പിജിഎ ചാംപ്യന്‍ഷിപ്പ് (നാല് തവണ) എന്നിവ ടൈഗര്‍ വുഡ്സിന്റെ അലമാരിയിലുണ്ട്. വര്‍ഷങ്ങളായി ഗോള്‍ഫിലെ ഒന്നാം നമ്പരാണ് ആശാന്‍, എക്കാലത്തേയും മഹാനായ കളിക്കാരന്‍. ലോകത്ത് ഏറ്റവും വിപണിമൂല്യമുള്ള കായികതാരം എന്നും അറിയപ്പെടുന്നു. 2000ത്തില്‍ നൈക്കുമായി അഞ്ചുവര്‍ഷത്തേയ്ക്കുള്ള കരാറില്‍ ടൈഗര്‍ വുഡ്സ് ഒപ്പുവച്ചത് 478 കോടി രൂപ (103 മില്യണ്‍ ഡോളര്‍) എണ്ണിവാങ്ങി കീശയിലിട്ടശേഷമാണ്. അമേരിക്കന്‍ എക്സ്പ്രസ്, ഇഎ സ്പോര്‍ട്സ് തുടങ്ങിയ നിരവധി കമ്പനികളുമായും അദ്ദേഹം കരാറൊപ്പിട്ടിട്ടുണ്ട്. ഗോള്‍ഫ് ഡൈജസ്റിന്റെ കണക്കനുസരിച്ച് 1996 മുതല്‍ 2007വരെ ടൈഗര്‍ വുഡ്സ് നേടിയത് 3572 കോടി രൂപയാണ്. അതായത് ആദ്യമായി ബില്യണ്‍ ഡോളര്‍ നേടുന്ന കായികതാരമാകുന്നു ടൈഗര്‍ വുഡ്സ്. ഈ പണമൊന്നും ആഡംബരം കാണിച്ച് കളയുകയല്ല അദ്ദേഹം, ബിസിനസ്സിലിറക്കി പൊലിപ്പിച്ചെടുക്കുകയാണ്. വുഡ്സിന്റെ കമ്പനിയായ 'ടൈഗര്‍ വുഡ്സ് ഡിസൈന്‍' ലോകവ്യാപകമായി ഗോള്‍ഫ് കോഴ്സുകള്‍ നിര്‍മ്മിക്കുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ കമ്പനി 'ടൈഗര്‍വുഡ്സ് ദുബായ്' തുറന്നത്. ഗോള്‍ഫ് കോഴ്സിന് പുറമെ 60000 ചതുരശ്രയടി വിസ്തൃതിയുള്ള ക്ളബ് ഹൌസ്, ഗോള്‍ഫ് അക്കാദമി, 320 എക്സിക്യൂട്ടീവ് വില്ലകള്‍, 80 സ്യൂട്ടുകളുള്ള ആഡംബര ഹോട്ടല്‍ എന്നിവയെല്ലാം ഇതിലുണ്ട്. ടൈഗര്‍വുഡ്സിന്റെ ഇപ്പോഴത്തെ പ്രായം വെറും 33 എന്നും അറിയുക.
കിമി നൈക്കനന്‍
  • ഫെരാറിയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതോടെ പണം വാരുന്ന കായികതാരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെക്കെത്തിയ ആളാണ് കിമി നൈക്കനന്‍. ആദ്യ സീസണില്‍ തന്നെ ഫോര്‍മുല വണ്‍ വേള്‍ഡ് ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പ് നേടി ഈ ഫിന്‍ലാന്‍ഡ്കാരന്‍. ഫെരാറിയുമായുള്ള കരാര്‍ വഴി പ്രതിവര്‍ഷം അദ്ദേഹം നേടുന്നത് 236 കോടിയാണ്. ഈ വര്‍ഷമാണ് അദ്ദേഹം പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. എന്തായാലും ഈ വര്‍ഷം അദ്ദേഹം ടീം വിടുമെന്ന് ഫെറാറി അറിയിച്ചിട്ടുണ്ട്. ഫെര്‍ണാണ്ടോ അലോന്‍സോയെയാണ് അവര്‍ പകരം കണ്ടെത്തിയിരിക്കുന്നത്. വരുമാനം നന്നായുണ്ട് എങ്കിലും ഒരു കണക്കുമില്ലാതെ ചെലവാക്കുന്നയാളായിരുന്നു കിമി റൈക്കനന്‍. പ്ളേബോയ് ജീവിതശൈലിയായിരുന്നു പ്രത്യേകത. ഇപ്പോള്‍ വിവാഹിതനായി ഒതുങ്ങിക്കഴിയുന്നു.
മൈക്കിള്‍ ജോര്‍ദാന്‍
  • കളിയില്‍ നിന്ന് വിരമിച്ചെങ്കിലും ആ ലേബലില്‍ ഇപ്പോഴും കോടികള്‍ സമ്പാദിക്കുന്നയാളാണ് മൈക്കിള്‍ ജോര്‍ദാന്‍. നാഷണല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന്റെ വെബ്സൈറ്റില്‍ ബാസ്കറ്റ്ബോളിലെ എക്കാലത്തെയും മഹാനായ കളിക്കാരന്‍ എന്നാണ് ജോര്‍ദാനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്‍ബിഎ റെക്കോഡ് പ്രകാരം ഓരോ മത്സരത്തിലും 30 പോയിന്റ് വച്ചായിരുന്നു സ്കോര്‍ ചെയ്തുകൊണ്ടിരുന്നത്. ഷൂട്ടിങ് ഗാര്‍ഡ് പൊസിഷനില്‍ ബിസിനസ്സിലും അദ്ദേഹം തിളങ്ങുന്നു. ജോര്‍ദാന്റെ താരത്തിളക്കത്തിന്റെ മൂല്യം മനസ്സിലാക്കിയത് നൈക് ആയിരുന്നു. നൈക് ജോര്‍ദാന്‍ ബ്രാന്‍ഡ് വിപണിയില്‍ എത്തുന്നത് അങ്ങനെയാണ്. 2003ല്‍ കളി നിര്‍ത്തിയെങ്കിലും ഇപ്പോഴും നൈക് ജോര്‍ദാന്‍ ബ്രാന്‍ഡിന്റെ റോയല്‍റ്റി വകയില്‍ വന്‍തുക അദ്ദേഹം കൈപറ്റുന്നു. ഈ ബ്രാന്‍ഡിന്റെ വാര്‍ഷിക വില്‍പന 3714 കോടിയുടേതാണ്. 2006ല്‍ 780 കോടി നഷ്ടപരിഹാരം നല്‍കിയായിരുന്നു ജോര്‍ദാന്‍ ഭാര്യ ജുവാനിറ്റയില്‍ നിന്ന് വിവാഹമോചനം നേടിയത്.
ഡേവിഡ് ബെക്കാം
  • കളിയില്‍ ഗ്ളാമറിനും കാര്യമുണ്ടെന്ന് തെളിയിച്ചയാളാണ് ഇംഗ്ളണ്ട് ടീം മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ഇപ്പോഴും ആഗോള മാര്‍ക്കറ്റിങ് പ്രതിഭാസം. ബെക്കാമിന്റെ ഫ്രീ കിക്ക് പോലെ തന്നെ (ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം!) ഫാഷനും ലോകം ആകാംക്ഷയോടെ നോക്കിക്കണ്ടു. ബെക്കാം ഹെയര്‍ സ്റൈല്‍ മാറ്റുമ്പോള്‍ ലോകത്തിന്റെ ഹെയര്‍സ്റൈലും മാറിയിരുന്നു. ഇപ്പോഴും കാര്യങ്ങളില്‍ വലിയമാറ്റമൊന്നുമില്ല. റയല്‍ മാഡ്രിഡില്‍ നിന്ന് നാട്ടുകാര്‍ കേട്ടിട്ടില്ലാത്ത യുഎസിലെ ലോസാഞ്ചല്‍സ് ഗ്യാലക്സിയിലേക്ക് ഇടക്ക് മാറിയപ്പോള്‍ താരപരിവേഷം ഇടിഞ്ഞിരുന്നു എന്നുമാത്രം. ഇപ്പോള്‍ എസി മിലാനിലുണ്ട് കക്ഷി. ലോസാഞ്ചല്‍സ് ഗ്യാലക്സിയില്‍ നിന്ന് ബെക്കാമിനെ വായ്പയെടുത്തതാണ് മിലാന്‍. ബെക്കാമിന് പണം വാരാന്‍ കളിയേക്കാള്‍ കൂടുതല്‍ സഹായകമായത് 'ഒടുക്കത്തെ ഗ്ളാമറാ'യിരുന്നു. (അദ്ദേഹം മഹാനായ കളിക്കാരന്‍ തന്നെ) അഡിഡാസ്, മോട്ടറോള, പെപ്സി എന്നിവയാണ് ബെക്കാമിന് കരാറുള്ള പ്രമുഖ ബ്രാന്‍ഡുകള്‍. കളിവഴിയും പരസ്യങ്ങളും മറ്റ് ഇവന്റുകള്‍ വഴിയും ബെക്കാം പ്രതിവര്‍ഷം നേടുന്നത് 232 കോടിയാണ്. യുഎസ്സിലെ മേജര്‍ ലീഗ് സോക്കറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിയ കളിക്കാരന്‍ ബെക്കാമാണ്. പണം വെറുതെ ചെലവഴിച്ച് നടന്നിട്ട് കാര്യമൊന്നുമില്ലെന്ന ബോധ്യം ഇപ്പോള്‍ ബെക്കാമിനുണ്ടായിട്ടുണ്ട്. മേജര്‍ ലീഗ് സോക്കറില്‍ സ്വന്തം ഫ്രാഞ്ചൈസിക്കായുള്ള ശ്രമത്തിലാണ് ബക്കാം. ഭാര്യ വിക്ടോറിയയും ബെക്കാമിനേപോലെ തന്നെ പണം വാരുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് പഴയ 'സ്പൈസ് ഗേള്‍സ്' ഒത്തുചേര്‍ന്ന് വീണ്ടും സംഗീതപര്യടനം നടത്തിയപ്പോള്‍ അതില്‍ പ്രമുഖയായ വിക്ടോറിയയ്ക്ക് ലഭിച്ചത് 92 കോടി ആയിരുന്നു. ബ്രിട്ടനിലെ 52-ാമത്തെ സമ്പന്നയായ വനിതയാണ് വിക്ടോറിയ.
ഫില്‍ മൈക്കിള്‍സണ്‍
  • ഗോള്‍ഫ് വഴി ടൈഗര്‍വുഡ്സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നയാള്‍ യുഎസ്സില്‍ നിന്ന് തന്നെയുള്ള ഫില്‍ മൈക്കിള്‍സണ്‍ ആണ്. മൂന്ന് പ്രമുഖ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. പ്രൈസ് മണിയായി ഇദ്ദേഹം ഒരു വര്‍ഷം നേടുന്നത് 46 കോടിയാണ്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനും സ്പോണ്‍സര്‍ഷിപ് വകയിലും അദ്ദേഹം ഈടാക്കുന്നത് 162 കോടിയും. ഫോഡ്, റോളെക്സ് തുടങ്ങിയവയുമായാണ് ഫില്‍ മൈക്കിള്‍സണിന്റെ കരാര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ല തുക ചെലവാക്കുന്നയാളാണ് മൈക്കിള്‍സണ്‍.

Thursday, June 10, 2010


COUNTDOWN STARTS NOW.......

preview


hi friends,

I am here because of worldcup.

ya, i had ot tell u some more stories.

Will try to update it reguler.

for that i need your push too.

welcome....