
ഓഫ് സൈഡ് ഇനി ആരുഭരിക്കും?
(സൌരവ് ഗാംഗുലി വിരമിച്ചപ്പോള്‍ കുറിച്ചത്. ഗാംഗുലിയെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി)
1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ആഘോഷനൃത്തം ചവുട്ടിയ ലോര്‍ഡ്സിലെ അതേ ബാല്‍കണിയില്‍ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂലൈ 13ന് മറ്റൊരിന്ത്യാക്കാരന്‍ ഷര്‍ട്ടൂരിവീശി ആര്‍ത്തുവിളിച്ചു. അന്ന് ഇന്ത്യന്‍ ടീമിനെ നയിച്ച സൌരവ് ചണ്ഢിദാസ് ഗാംഗുലിക്ക് അതിനുള്ള എല്ലാ അര്‍ഹതയും ഉണ്ടായിരുന്നു. തുടര്‍ച്ചയായ ഒമ്പത് ഫൈനലുകളില്‍ ഇന്ത്യ പരാജയപ്പെട്ടു നില്‍ക്കുന്നു. ഗാംഗുലിയുടെ കീഴില്‍ തുടര്‍ച്ചയായി ആറ് ഫൈനലുകളില്‍ പരാജയം. പടിക്കല്‍ കലമുടയ്ക്കാന്‍ മിടുക്കരെന്ന പഴി ദീര്‍ഘനാളായി കേള്‍ക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് അഞ്ച് വിക്കറ്റിന് 325 റണ്‍സടിച്ചുകൂട്ടി. എന്നാല്‍ തോല്‍ക്കാന്‍ ഒരിക്കലും തയ്യാറാകാത്ത ദാദ 60 റണ്‍സുമായി മുന്നില്‍നിന്ന് പടനയിച്ചു. പിന്നാലെ വന്ന യുവരാജും കൈഫും തീപ്പന്തം കൈയേറ്റു വാങ്ങി. ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിന്റെ അവസാനഓവറിലെ മൂന്നാം ബോളില്‍ മുഹമ്മദ് കൈഫ് ഇംഗ്ളണ്ടിന്റെ അഭിമാനത്തിനു മേല്‍ അവസാന ആണിയുമടിച്ചു. മുമ്പത്തെ പരമ്പരയില്‍ ഇംഗ്ളണ്ടില്‍ നിന്നേറ്റ അപമാനത്തിന് തിരിച്ചടി. അതോടെ പവലിയനില്‍ നഖംകടിച്ചിരുന്ന സൌരവ് ഷര്‍ട്ടൂരിവീശി ഗര്‍ജിച്ചു. അടുത്ത ദിവസം ഇംഗ്ളണ്ടിലെ പത്രങ്ങളെല്ലാം ഗാംഗുലിയുടെ തുണിയുരിയലിനെതിരെ തൂലിക ചാട്ടവാറാക്കി. എന്നാല്‍ അതൊന്നും അദ്ദേഹം തെല്ലും വകവച്ചില്ല എന്നതിന് ശേഷമുള്ള കാലം സാക്ഷി.
1972 ജൂലൈ എട്ടിനാണ് കോല്‍കത്തയിലെ ഒരു സമ്പന്ന കുടുംബത്തില്‍ സൌരവ് ഗാംഗുലി ജനിച്ചത്. ജന്‍മനാ കിട്ടിയ പ്രൌഢി പവലിയനില്‍ വച്ച് ഗ്രൌണ്ടിലേക്കിറങ്ങാന്‍ പോലും സൌരവ് ഒരുക്കമായിരുന്നില്ല. പന്ത്രണ്ടാമനായിരുന്നപ്പോള്‍ ഗ്രൌണ്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ വിമുഖത കാണിച്ചു എന്ന ആരോപണം സൌരവിനെതിരെ വരുന്നത് അങ്ങനെയാണ്. എന്നാല്‍ ആരുടെമുന്നിലും തലതാഴ്ത്തുകയില്ലെന്ന സൌരവിന്റെ വാശി പലപ്പോഴും മറ്റൊരര്‍ഥത്തില്‍ ഗ്രൌണ്ടില്‍ രാജ്യത്തിന്റെ അന്തസുയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ബിസിസിഐ സമ്പത്തിന്റെ കാര്യത്തില്‍ അതിവേഗം കുതിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിനെ വരുതിയിലാക്കിയതും സൌരവ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നതും ഏകദേശം ഒരേ കാലത്തായിരുന്നു. ഇതുരണ്ടും ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകത്ത് ബഹുമാന്യമായ സ്ഥാനം നേടിത്തന്നു. ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യയായി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് പണത്തിന്റെ ഹുങ്കാണെന്ന് ഈയിടെ ക്രിക്കറ്റ് ആസ്ട്രേലിയക്ക് പറയേണ്ടി വന്നതു പോലും ഇന്ത്യക്ക് ബഹുമതിയായി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ, ലോകക്രിക്കറ്റിന്റെ തന്നെയും ഒരു പ്രതിസന്ധി ഘട്ടത്തിലാണ് സൌരവ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റനായി നിയമിതനാകുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തെ തുടര്‍ന്ന് കോഴവിവാദം ആളിപ്പടര്‍ന്നപ്പോള്‍ ലോകക്രിക്കറ്റില്‍ വിഗ്രഹങ്ങള്‍ പലതും വീണുടഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, ഹാന്‍സി ക്രോണിയേ, ഹര്‍ഷേല്‍ ഗിബ്സ് തുടങ്ങിയ വമ്പന്‍മാരെല്ലാം അനാവൃതരായി. കളിയിലുള്ള വിശ്വാസം ക്രിക്കറ്റ് മതമായ ഇന്ത്യയില്‍ പോലും നഷ്ടപ്പെട്ടു. ക്രിക്കറ്റ് കണ്ടാല്‍ ആള്‍ക്കാര്‍ ടിവി ഓഫ് ചെയ്യുന്ന അവസ്ഥ. കോഴവിവാദത്തെക്കുറിച്ച് എല്ലാം വെളിപ്പെടുത്തുമെന്ന അവസ്ഥയില്‍ വിവാദനായകന്‍ ഹാന്‍സിക്രോണിയെ ദുരൂഹമായ സാഹചര്യത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നു. വന്‍ തോക്കുകളെല്ലാം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. ഇന്ത്യന്‍ ടീം ചോരത്തിളപ്പുള്ള, മത്സരപരിചയമില്ലാത്ത ചെറുപ്പക്കാരുടെ സംഘമായി മാറി. അവരെ കൊണ്ട് വിജയം കൊയ്ത് ആരാധകരെ തൃപ്തരാക്കാന്‍ ഇന്ത്യയുടെ എക്കാലത്തെയും ബാറ്റിങ് പ്രതിഭ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുപോലും ആയില്ല, തുടര്‍ച്ചയായ പരാജയങ്ങള്‍. ഒടുവില്‍ ക്യാപ്റ്റന്‍സി സൌരവിനെ തേടിയെത്തി. 2000ലെ ദക്ഷിണാഫ്രിക്കക്കെതിരായ വിവാദപരമ്പരയില്‍ താത്കാലിക നായകനായിരുന്ന സൌരവിന് പിന്നെ തിരിഞ്ഞു നോക്കണ്ടിവന്നില്ല. ഇന്ത്യയ്ക്കായി ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ക്യാപ്റ്റനായി ഗാംഗുലി. ഏറ്റവുമധികം ടെസ്റ് വിജയങ്ങളും ഗാംഗുലിയുടെ പേരില്‍ തന്നെ.
ഇത് മാന്യന്‍മാരുടെ കളിയല്ല
മാന്യന്‍മാരുടെ കളിയാണ് ക്രിക്കറ്റെന്ന് കൊളോണിയല്‍ പ്രേമികള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുമെങ്കിലും അതിന് ചെവി കൊടുക്കരുതെന്ന് ഇന്ത്യന്‍ കളിക്കാരെ പഠിപ്പിച്ച നായകനാണ് സൌരവ്. സൌരവിന്റെ കീഴില്‍ തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന അവസ്ഥയിലേക്കെത്തി പുതിയ പിള്ളേര്‍. ഇത് ഏറ്റവുമധികം അനുഭവിക്കാന്‍ യോഗമുണ്ടായത് ആസ്ട്രേലിയന്‍ ടീമിന് തന്നെയാണ്. കളിക്കളത്തില്‍ എതിര്‍ബാറ്റ്സ്മാന്റെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നതരത്തില്‍ പരിഹസിക്കുന്നതും ചീത്തവിളിച്ച് ശ്രദ്ധകളയുന്നതും എല്ലാം മാന്യന്‍മാരുടെ കളിയുടെ ഭാഗമായി കൊണ്ടുനടക്കുന്ന ടീമാണ് ആസ്ട്രേലിയ. ഇതിന് അവര്‍ക്ക് തിരിച്ചടി കിട്ടുന്നത് സൌരവ് നയിച്ച ഇന്ത്യന്‍ ടീമില്‍ നിന്നാണ്. തുറിച്ചുനോക്കുകയും തെറിവിളിക്കുകയും ഒക്കെ ചെയ്തിരുന്ന ജാസണ്‍ ഗില്ലസ്പിയെയും ബ്രെറ്റ് ലീയെയും ഇന്ത്യന്‍ ടീമിലെ പുത്തന്‍ കൂറ്റുകാര്‍ തല്ലുമെന്ന അവസ്ഥവരെയെത്തി. സ്വന്തം തന്ത്രങ്ങള്‍ ശത്രുപാളയം പ്രയോഗിച്ചു തുടങ്ങിയതോടെ ആസ്ട്രേലിയ വിരണ്ടു. സൌരവും ഹര്‍ഭജനും മറ്റും അവരുടെ നോട്ടപ്പുള്ളികളായി. സൌരവ് ടീമിലെ കളിക്കാരെ കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്ന് പലരും ആക്ഷേപിച്ചു. 2011ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ പോര്‍ട് എലിസബത്തില്‍ നടന്ന ടെസ്റില്‍ അനാവശ്യഅപ്പീലുകളുടെ പേരില്‍ സൌരവിനും അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കുമെതിരെ മാച്ച് റഫറി നടപടിയെടുത്തു. കളിക്കാരെ നിയന്ത്രിക്കാത്തതിന് ഗാംഗുലിക്ക് ഒരു ടെസ്റില്‍ നിന്ന് വിലക്കും. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കരുത്തെന്താണെന്ന് പാശ്ചാത്യക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു എന്നതുമാത്രമായി ഇതിന്റെ ബാക്കിപത്രം.
ലോകത്ത് ഓസ്ട്രേലിയന്‍ ടീമിനെ തോല്‍പിക്കാന്‍ കെല്‍പ് സൌരവ് നയിക്കുന്ന ഇന്ത്യയ്ക്ക് മാത്രമാണെന്ന് കളിയെഴുത്തുകാര്‍ തുടര്‍ച്ചയായി പറഞ്ഞുതുടങ്ങി. വിവിഎസ് ലക്ഷ്മണ്‍ എന്ന ആസ്ട്രേലിയക്കെതിരെ റണ്‍ വാരുന്ന യന്ത്രത്തെ ഫലപ്രദമായി സൌരവ് ഉപയോഗിച്ചു. ലക്ഷ്മണിനെ മുന്‍നിര്‍ത്തി ആസ്ട്രേലിയയെ അവരുടെ നാട്ടില്‍ സൌരവ് വിറപ്പിച്ചു. ആസ്ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ പന്തിനു പിന്നാലെ ബൌണ്ടറിയിലേക്ക് എസ്കോര്‍ട് പോകുന്നത് കണ്ട് ഇന്ത്യന്‍ ആരാധകര്‍ ആനന്ദിച്ചു. 2001ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ ജീവിതത്തിലൊരിക്കലും ആ പരമ്പര മറക്കില്ല. ആദ്യ ടെസ്റ് നേടി പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയായിരുന്നു ഓസ്ട്രേലിയ. രണ്ടാം ടെസ്റ് സൌരവിന്റെ നാടായ കോല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. ഇന്ത്യ ഫോളോ ഓണ്‍ വഴങ്ങി. സ്റീവ് വോ അടുത്ത വിജയവും പരമ്പരയും ഉറപ്പിച്ചു. എന്നാല്‍ ലക്ഷ്മണിന്റെ ഡബിള്‍ സെഞ്ച്വറിയോടെ തിരിച്ചു വന്ന ഇന്ത്യ ഓസ്ട്രേലിയയെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ചു കളഞ്ഞു. അടുത്ത ടെസ്റ് വിജയത്തോടെ പരമ്പരയും സ്വന്തമാക്കി. ഇന്ത്യന്‍ വാലറ്റം പോലും ഷെയിന്‍ വോണ്‍ എന്ന ലോകോത്തര ലെഗ്സ്പിന്നറെ അടിച്ചു പറത്തി. 1983ല്‍ കിരീടം നേടിയതിനു ശേഷം ഇന്ത്യയെ ആദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിക്കാനും സൌരവിനായി. ചരിത്രത്തിലാദ്യമായി പാകിസ്ഥാനില്‍ ടെസ്റ് പരമ്പര നേടിയ ക്യാപ്റ്റനും ഗാംഗുലിയാണ്. 2004ലെ പാകിസ്ഥാന്‍ ടൂറില്‍ ടെസ്റ്, ഏകദിന പരമ്പരകള്‍ നേടിയാണ് ഇന്ത്യ തിരിച്ചുവന്നത്. അടുത്ത വര്‍ഷം ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു. അഞ്ചു വര്‍ഷം സൌരവ് ഇന്ത്യയെ ടെസ്റ്റുകളില്‍ നയിച്ചു.
ഓഫ് സൈഡിലെ ദൈവം
1992ല്‍ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് സീരീസില്‍ വെസ്റിന്റീസിനെതിരെയായിരുന്നു സൌരവ് ഗാംഗുലി അരങ്ങേറിയത്. 13 ബോളില്‍ മൂന്നു റണ്ണുമായി ഗാംഗുലി മടങ്ങി. പിന്നെ നാല് വര്‍ഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വനവാസം. ഫുഡ്ബോള്‍ കളിക്കാരനായി സ്പോര്‍ട്സ് കരിയര്‍ ആരംഭിച്ച് ക്രിക്കറ്റിലേക്ക് എത്തിപ്പെട്ട ഒരാളെന്നു കരുതി ക്രിക്കറ്റ് പ്രേമികള്‍ ആ പയ്യനെ മറന്നു. സാധാരണകളിക്കാരനായിരുന്നെങ്കില്‍ തുടര്‍ച്ചയായ നാല് വര്‍ഷം തഴയപ്പെട്ടപ്പോള്‍ മനസ് മടുത്തേനേ. എന്നാല്‍ അങ്ങനെ ആഭ്യന്തരക്രിക്കറ്റില്‍ ഒതുങ്ങണ്ട കളിക്കാരനായിരുന്നില്ലല്ലോ സൌരവ്. 1996ലെ ഇംഗ്ളണ്ട് പര്യടനത്തിനുള്ള ടീമില്‍ സൌരവ് വീണ്ടും ഇടം തേടി. അരങ്ങേറ്റ ടെസ്റില്‍ സൌരവ് ലോര്‍ഡ്സിലെ വസന്തമായി. സെഞ്ച്വറിയോടെ തുടക്കം. 1997ല്‍ ടൊറന്റോയില്‍ നടന്ന സഹാറാകപ്പില്‍ സൌരവ് മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളു. ഗാംഗുലി ബാറ്റെടുത്തപ്പോഴൊക്കെ റണ്ണൊഴുകി. പന്തെടുത്തപ്പോഴൊക്കെ വിക്കറ്റും വീണു. ഇന്ത്യ 4-1ന് പാകിസ്ഥാനെ മുക്കി. പരമ്പര തീര്‍ന്നപ്പോള്‍ ഗാംഗുലിയുടെ പ്രകടനത്തിന്റെ രേഖകള്‍ ഇങ്ങനെ- അഞ്ച് ഏകദിനങ്ങളില്‍ നിന്ന് 55.5 റണ്‍ ശരാശരിയോടെ 222 റണ്‍, 10.66 ശരാശരിയില്‍ 15 വിക്കറ്റ്, നാല് മാന്‍ ഓഫ് ദ മാച്ച്!
പിന്നീട് പലപ്പോഴും പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് അദ്ദേഹം തിരികെയെത്തി. കോച്ച് ചാപ്പലുമായുള്ള വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്നു തന്നെ പുറത്തായി. ഒന്നരവര്‍ഷം ടീമില്‍ ഇടം കിട്ടാതിരുന്നതോടെ സൌരവിന്റെ അന്താരാഷ്ട്രകരിയര്‍ അവസാനിച്ചതായി പലരും വിലയിരുത്തി. എന്നാല്‍ ആ പോരാളി തോല്‍വിസമ്മതിക്കാന്‍ ഒരുക്കമായിരുന്നില്ല. 2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ് പരമ്പരയില്‍ തിരികെയെത്തി. ആ പരമ്പരയില്‍ ഇന്ത്യയുടെ ടോപ്പ് സ്കോററായി സൌരവ്. തുടര്‍ന്ന് ഇംഗ്ളണ്ടിനെതിരെയും മിന്നുന്ന പ്രകടനം. ടെസ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞ വര്‍ഷമായിരുന്നു. ബാംഗ്ളൂരില്‍ പാകിസ്ഥാനെതിരെ ഡബിള്‍ സെഞ്ച്വറി. സൌരവിന്റെ ആദ്യ ഡബിള്‍. 89 റണ്‍ ശരാശരിയോടെ 534 റണ്‍സാണ് ആ പരമ്പരയില്‍ അടിച്ചുകൂട്ടിയത്. പ്രതിഫലമോ- മാന്‍ ഓഫ് ദ സീരീസ്.
ഓഫ് സൈഡിലെ ദൈവമെന്ന വിശേഷണമാണ് തന്റെ കേളീ ശൈലി സൌരവിന് സമ്മാനിച്ചത്. ബാക്ക് ഫുട്ടിലും ഫ്രണ്ട് ഫുട്ടിലും ഒരു പോലെ ഓഫ് സൈഡില്‍ കളിക്കാനുള്ള വിരുത്. കൃത്യമായ ടൈമിങ് മാത്രം സാധ്യമാക്കുന്ന മനോഹരമായ ഓഫ് സൈഡ് ഡ്രൈവുകള്‍ സൌരവിന്റെ ട്രേഡ്മാര്‍ക്കായി. സ്പിന്നറാണെങ്കില്‍ ആദ്യ ഓവറിലെ മൂന്നാമത്തെ ബോളിലെങ്കിലും സൌരവ് ക്രീസ് വിട്ടിറങ്ങിയിരിക്കും. പിന്നെ സ്റേഡിയത്തിന്റെ അളവെടുക്കാനാകും പന്തിന്റെ വിധി. പിച്ചിന്റെ ഏകദേശം മധ്യഭാഗം വരെയെത്തിയാണ് പലപ്പോഴും സ്പിന്നറെ ഗാംഗുലി കൈകാര്യം ചെയ്യുന്നത്. ലോകോത്തര സ്പിന്നര്‍ മുത്തയ്യ മുരളീധരനു പോലും അതനുഭവിക്കേണ്ടി വന്നു. 1999 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലായിരുന്നു അത്. ഇന്ത്യ ആ കളിയില്‍ ശ്രീലങ്കയ്ക്കെതിരെ അടിച്ചത് 373 റണ്‍സ്. അതില്‍ സൌരവിന്റെ വീതം 158 ബോളില്‍ 183 റണ്‍. 17 ഫോറും 7 സിക്സും. രണ്ടാം വിക്കറ്റിന് ദ്രാവിഡിനൊപ്പം നേടിയത് 318 റണ്‍സായിരുന്നു. മുരളീധരന്‍ പത്തോവറില്‍ വിക്കറ്റൊന്നുമെടുക്കാതെ 60 റണ്ണാണ് ആ കളിയില്‍ വഴങ്ങിയത്. ചാമിന്ദ വാസിനിട്ട് ഒരോവറില്‍ 8.40 റണ്‍ വെച്ചും ജയസൂര്യക്കിട്ട് 12.33 റണ്‍ വച്ചും കിട്ടി. ആ കളിയോടെ ഏകദിനക്രിക്കറ്റിലെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്മാനെന്ന് സൌരവ് അറിയപ്പെട്ടു.
2000ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഗാംഗുലി ഓഫ്സൈഡില്‍ റണ്‍ നേടുന്നത് തടയാന്‍ പദ്ധതി തയ്യാറാക്കി. ഹാന്‍സി ക്രോണിയ ഗാംഗുലിക്കെതിരെ ഓഫ് സൈഡില്‍ വിന്യസിച്ചത് ഏഴ് ഫീല്‍ഡര്‍മാരെ. പോയിന്റില്‍ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ ജോണ്ടി റോഡ്സ്. കൂട്ടിന് ഹര്‍ഷേല്‍ ഗിബ്സ്, ജാക് കാലിസ് തുടങ്ങിയ മഹാരഥന്‍മാരും. കളി തുടങ്ങി. ഓഫ് സൈഡില്‍ നിലത്തുകൂടിയുള്ള വഴിയടഞ്ഞപ്പോള്‍ സൌരവ് പന്ത് ആകാശത്തുകൂടി പറത്തി. റോഡ്സിന്റെയും കാലിസിന്റെയും ഗിബ്സിന്റെയും എല്ലാം തലയ്ക്കുമുകളിലൂടെയും ഇടയിലുള്ള നൂലിട വിടവിലൂടെയും പന്ത് ബൌണ്ടറി കടന്നു. ചിലത് ഗ്യാലറിയിലെ ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തില്‍ അപ്രത്യക്ഷമായി. ആ പരമ്പരയില്‍ ഗാംഗുലി നേടിയത് ഒരു സെഞ്ച്വറിയും രണ്ട് ഡബിള്‍ സെഞ്ച്വറിയും. പരമ്പരയും ഇന്ത്യയ്ക്ക്. ക്രോണിയേയുടെ തന്ത്രം പൊളിഞ്ഞു. പക്ഷേ അതിന് കാരണമുണ്ടായിരുന്നു. അന്ന് വെള്ളിടി ഡൊണാള്‍ഡ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൌളിങ് നിരയില്‍ ഉണ്ടായിരുന്നത്. ഷോണ്‍ പൊള്ളോക്ക് കളിച്ചില്ല. ഇത് മനസിലാക്കിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോ പിന്നീട് ഇതേ തന്ത്രം സൌരവിനെതിരെ ഫലപ്രദമായി ഉപയോഗിച്ചു. മഗ്രാത്തും ലീയും ഗില്ലസ്പിയും വോണും കൃത്യതയോടെ എറിഞ്ഞപ്പോള്‍ ഗാംഗുലിക്ക് വഴിയടഞ്ഞു. സ്ഥിരം ദൌര്‍ബല്യമായിരുന്ന ഷോര്‍ട്പിച്ച് ബോള്‍ ഇതിനിടയില്‍ എറിഞ്ഞ് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. (ഈ ദൌര്‍ബല്യം പരിഹരിക്കാനാണ് പിന്നീട് സൌരവ് ആസ്ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പലിനെ സമീപിച്ചത്. ഗാംഗുലിയുമായുള്ള അടുപ്പത്തിലൂടെ ചാപ്പല്‍ പിന്നീട് ഇന്ത്യന്‍ കോച്ചായി, ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു!)
സച്ചിനും സൌരവും
സച്ചിന്‍-സൌരവ് സഖ്യം ഇന്ത്യയ്ക്കായി ആദ്യം ഓപ്പണ്‍ ചെയ്തപ്പോള്‍ തന്നെ നേടിയത് 126 റണ്‍സാണ്. സൌരവ് 64, സച്ചിന്‍ 54. പിന്നീട് ഈ കൂട്ടുകെട്ട് ലോകക്രിക്കറ്റിലെ ഏറ്റവും മാരകവും മനോഹരവുമായ ഓപ്പണിങ് പാട്ണര്‍ഷിപ്പാകുന്നതാണ് ലോകം കണ്ടത്. മിക്കവാറും സൌരവാകും ആക്രമിച്ചു തുടങ്ങുക. പിന്നീടത് സച്ചിന്‍ ഏറ്റെടുക്കുകയും ചെയ്യും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിനൊപ്പം ഓപ്പണ്‍ ചെയ്തതു കൊണ്ടുമാത്രമാണ് സൌരവ് രണ്ടാമതുമാത്രം പരിഗണിക്കപ്പെട്ടത്.
എങ്കില്‍ പോലും പലപ്പോഴും ആ നിഴലില്‍ നിന്ന് സൌരവ് കുതിച്ചു മാറി. അതിന് തെളിവ് സൌരവിന്റെ കരിയര്‍ സ്റാറ്റിറ്റിക്സ് നല്‍കും- 113 ടെസ്റില്‍ നിന്ന് 42.17 ശരാശരിയോടെ 7217 റണ്‍സ്, 16 സെഞ്ച്വറി, 35 അര്‍ദ്ധസെഞ്ച്വറി. 311 ഏകദിനങ്ങളില്‍ നിന്ന് 41.02 ശരാശരിയോടെ 11363 റണ്‍സ്. ഇതില്‍ 22 സെഞ്ച്വറിയും 72 അര്‍ദ്ധസെഞ്ച്വറിയും. ഇത്രയും ഏകദിനങ്ങളില്‍ നിന്ന് സൌരവ് അടിച്ചു കൂട്ടിയത് 190 സിക്സറുകളും 1122 ബൌണ്ടറികളുമാണ്! ഏകദിനങ്ങളില്‍ 100 വിക്കറ്റുകളും ഗാംഗുലി കീശയിലാക്കി.
പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു- ഇനി ഓഫ് സൈഡിനെ ആരു ഭരിക്കും?
No comments:
Post a Comment